Uncategorized

ബിജെപിക്കൊപ്പമുള്ള ക്രിമിനൽ ഗുഢാലോചന’യടക്കം 7 കുറ്റങ്ങൾ, ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിൻ്റെ പ്രതീകാത്മക ജനകീയ കുറ്റവിചാരണ, പ്രമേയം അവതരിപ്പിച്ച് ഖർഗെ

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ദില്ലി രാജാജിമാർഗിലെ വസതിക്ക് മുന്നിൽ ലോക്സഭയുടേതിന് സമാനമായി തയ്യാറാക്കിയ വേദിയിലാണ് വിചാരണ നടന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം എ ബേബി, ഡി രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ജനകീയ വിചാരണയിൽ പങ്കെടുത്തു. ജനങ്ങളുടെ സ്പന്ദനം അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമവിരുദ്ധ നടപടികൾ തുറന്നുകാട്ടാനുമാണ് ഈ പ്രതിഷേധമെന്ന് നേതാക്കൾ വ്യക്തമാക്കി. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായും സൗഗത റായ്, അവധേഷ് പ്രസാദ് എന്നിവർ ഡെപ്യൂട്ടി ഓഫീസർമാരായും പ്രതീകാത്മക കുറ്റവിചാരണ നടപടികൾക്ക് നേതൃത്വം നൽകി. രാജ്യത്ത് വോട്ടർപട്ടികയിൽ വലിയ രീതിയിലുള്ള അട്ടിമറിയാണ് നടന്നതെന്നും പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അനധികൃതമായി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മീരാ കുമാർ ആരോപിച്ചു. തുടർന്ന് സഭയിൽ സംസാരിച്ച വിവിധി നേതാക്കൾ, പാർലമെന്റിൽ നടക്കേണ്ട ഇത്തരം പ്രതിഷേധങ്ങൾ പ്രതിപക്ഷത്തിന് തെരുവിൽ നടത്തേണ്ടി വരുന്നത് ബി ജെ പി സർക്കാരിന്റെ അരാജകത്വം മൂലമാണെന്ന് കുറ്റപ്പെടുത്തി. ഈ പ്രതിഷേധം നാളെ മഹാറാലിയായി മാറ്റുമെന്നും സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രമേയം അവതരിപ്പിച്ച് ഖർഗെ
പ്രതീകാത്മക യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരം രാജ്യത്തെ വോട്ടവകാശവും ജനാധിപത്യവും ഇല്ലാതാക്കാനാണ് കമ്മീഷൻ ശ്രമിച്ചതെന്ന് ഖർഗെ ആരോപിച്ചു. കമ്മീഷന്റെ ഐ ടി വിഭാഗത്തിന്റെ പ്രവർത്തനം സംശയനിഴലിലാണെന്നും കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട് മോഷണങ്ങൾ രാഹുൽ ഗാന്ധി കൈയോടെ പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട അനിത ജയ്സ്വാൾ അടക്കമുള്ള സാധാരണക്കാരും ടി എം സി എം പി സാഗരിക ഘോഷും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button