Uncategorized

‘സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പറഞ്ഞ അഭിപ്രായം’; കാന്തപുരത്തെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങള്‍. കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായമാണെന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞത്. സ്ത്രീകളുടെ സുരക്ഷയാകും ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക. സമൂഹത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് സ്ത്രീകള്‍. സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ചാണ് ആ പരാമര്‍ശമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തിന്റെ നന്മക്ക് വേണ്ടി ചേര്‍ന്ന് നില്‍ക്കുക. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് സമുദായത്തിന്റെ ഐക്യം സാമൂഹ്യ ഐക്യവും എന്നിവക്ക് ചേര്‍ന്ന് നില്‍ക്കുക. സാമൂഹ്യ ഐക്യം പ്രധാനമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

‘പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. അവരൊക്കെ പണ്ഡിതന്മാരല്ലേ. വര്‍ത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്. സ്ത്രീ സുരക്ഷയെ കരുതിയാകും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകുക. സമൂഹത്തിന്റെ നിലവിലെ അസ്ഥയില്‍ ഓരോ ആളുകള്‍ക്കും ഓരോ അഭിപ്രായം എന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേര്‍ന്നുനില്‍ക്കുക എന്നുള്ളതാണ്. മുസ് ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാമുധായിക ഐക്യം പ്രധാനമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചാണ് മുസ്‌ലിം ലീഗ് മുന്നോട്ടുപോകുന്നത്. വിഷയത്തിലുള്ള അഭിപ്രായം ലീഗിനോട് മാത്രം ചോദിക്കേണ്ട. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടും അഭിപ്രായം തേടൂ’, എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ ‘പ്രദര്‍ശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായി നില്‍ക്കെ പറഞ്ഞതില്‍ ഉറച്ചുവില്‍ക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button