നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നിർബന്ധിത പണപ്പിരിവ്, കെയർ ടേക്കർക്കെതിരെ ശുചീകരണ തൊഴിലാളികളുടെ പരാതി; 6 ലക്ഷം രൂപ തട്ടി

കാസർകോട്: കാസർകോട് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ കെയർ ടേക്കറുടെ നിർബന്ധിത പണപ്പിരിവെന്ന് പരാതി. കെയർ ടേക്കർ ഷാജുവിനെതിരെയാണ് പരാതിയുമായി രണ്ട് കരാർ ക്ലീനിംഗ് ജീവനക്കാരികൾ രംഗത്തെത്തിയത്. എല്ലാ മാസവും 7000 രൂപ വീതം ഷാജു വാങ്ങുമെന്നും കഴിഞ്ഞ നാല് വർഷമായി ഇത് തുടരുന്നുവെന്നും തൊഴിലാളികളായ ശോഭനയും ബിന്ദുവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന 13,000 രൂപയിൽ നിന്നാണ് ഈ പിടിച്ചുപറിയെന്നും സ്റ്റേഡിയത്തിലെ മറ്റ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്, പണം വാങ്ങുന്നത് പുറത്തു പറഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന് കെയർ ടേക്കർ പറഞ്ഞതായും ക്ലീനിങ് തൊഴിലാളികൾ പറയുന്നു.
നിലവില്‍ ഇവർ കായിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പിടിച്ചുവാങ്ങിയ പണം തിരിച്ച് ലഭിക്കണമെന്നും നടപടിയെടുക്കണമെന്നുമാണ് ക്ലീനിങ്ങ് തൊഴിലാളികൾ പറയുന്നു. ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് കെയർ ടേക്കർ ഷാജു ഇവരില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. എന്നാല്‍ തികച്ചും വ്യാജമായ പരാതിയാണിത് എന്നാണ് കെയർ ടേക്കർ രാജു പറയുന്നത്. സ്റ്റേഡിയത്തില്‍ അനധികൃതമായി ഒരു യുവാവ് താമസിക്കുന്നുണ്ട് അത് താൻ റിപ്പോർട്ട് ചെയ്തിരുന്നു അതിന്റെ വൈരാഗ്യത്തില്‍ തയ്യാറാക്കുപ്പെട്ട പരാതിയാണിത് എന്നാണ് ഷാജു പറയുന്നത്.




