ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു മരണം; എട്ട് പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശ് പൽനാട് ജില്ലയിലെ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വേല സ്വദേശികളായ ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂർണ്ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗതുപ്പള്ളി സുവർത്ത (45), മരിയമ്മ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചിലകിലൂരിപേട്ടിലെ കലാ മന്ദിർ ജംഗ്ഷനിൽ വച്ചാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഒരു യാത്രക്കാരനെ കയറ്റാനായി ചിലകിലൂരിപേട്ട് ബൈപാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങി15 പേരുമായി വേലూరు ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. നാല് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു.
ഓട്ടോ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




