അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തി; സഹോദരൻ അജയ് അറസ്റ്റിൽ

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. നിരവധി കേസുകളിൽ പ്രതിയുംഒളിവിൽ കഴിയുന്ന ആളുമായ അർജ്ജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റു ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്.പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറക്കിയ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ജീവിതം നശിപ്പിച്ച ആളായതുകൊണ്ടാണ് വീഡിയോ ഇട്ടതെന്നാ’യിരുന്നു കോതമംഗലം സി ഐക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ അർജുൻ ആയങ്കിയുടെ പ്രതികരണം



