ഡിസിസി ഓഫീസ് ആക്രമണത്തിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ ഒത്താശ, സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം അക്രമ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി. അക്രമ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക് മുന്നിൽ ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




