നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ഇടുക്കി മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ പ്രവർത്തകർ ഉപരോധിച്ചു. സൂപ്രണ്ടിന്റെ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിലുണ്ടായ അലർജിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുടുംബം. ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് എക്സ്പയറി കഴിഞ്ഞ മരുന്ന് നൽകിയത്. എന്നാൽ മരുന്ന് കുഞ്ഞിന് നൽകുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വലിയൊരു ദുരന്തമാണ് ഒഴിവായത്.ഗുരുതരമായ ഈ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരില്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയയ്ക്ക് കയറ്റിയ തുടയെല്ല് പൊട്ടിയ 67കാരിയെ മടക്കി അയച്ചതായി പരാതി ഉയർന്നു. ഉള്ളിയേരി സ്വദേശിനി ദേവിക്കാണ് ദുരവസ്ഥയുണ്ടായത്. ഇവർ പത്ത് ദിവസമാണ് ആശുപത്രിയിൽ തുടർന്നത്. മതിയായ ഡോക്ടർമാരില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായാണ് പരാതി ഉയർന്നത്.




