Uncategorized

കുട്ടികൾക്കായി കളിക്കളവും വയോജന പാർക്കും; ആക്രികൾ ശേഖരിച്ച് പണം കണ്ടെത്താൻ മരുതോങ്കരക്കാർ

കുട്ടികൾക്കും യുവാക്കൾക്കും സ്വന്തം കളിക്കളം, വയോജനങ്ങൾക്കും സ്ത്രീകൾക്കും വിശ്രമിക്കാനും വ്യായാമം ചെയ്യാനുമൊരു പൊതുയിടം. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ വ്യത്യസ്തമായ ധനസമാഹരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ പ്രദേശവാസികൾ. വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ആക്രികൾ ശേഖരിച്ചാണ് ഇവർ കളിക്കളത്തിനായുള്ള ഭൂമി വാങ്ങാൻ പണം കണ്ടെത്തുന്നത്.

കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിച്ചിറയിൽ മലയോര കളിക്കളവും വയോജന പാർക്കും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാർ കൈകോർത്തിരിക്കുന്നത്. ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മാർഗങ്ങളിലൂടെ ധനസമാഹരണം പുരോഗമിക്കുകയാണ്. സ്നേഹപയറ്റ് ഉൾപ്പെടെയുള്ള പരിപാടികളിലൂടെ നാട്ടുകാരിൽ നിന്ന് സഹായം സ്വീകരിക്കുന്നതിനൊപ്പം, പ്രവാസികളും ഉദാരമായി കൈത്താങ്ങാകുന്നുണ്ട്. ഇതിനിടെയാണ്, യുവാക്കളും കുട്ടികളും വീടുതോറും കയറിയിറങ്ങി ആക്രി ശേഖരിക്കുന്ന കാഴ്ച ശ്രദ്ധേയമാണ്.നിടുവാൽ പുഴയോരത്തുള്ള 54 സെന്റ് സ്ഥലം വാങ്ങാനാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഭൂമി ലഭിച്ചാൽ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയും വിവിധ വികസന ഫണ്ടുകൾ പ്രയോജനപ്പെടുത്തിയും കുട്ടികൾക്കും യുവാക്കൾക്കുമായി കളിക്കളവും, സ്ത്രീകൾക്കും വയോജനങ്ങൾക്കുമായി ഓപ്പൺ ജിം ഉൾപ്പെടെയുള്ള പൊതു ഇടവും ഒരുക്കാനാണ് പദ്ധതി. ആക്രിയുടെ മൂല്യത്തെ നാടിന്റെ വികസനത്തിനുള്ള മൂലധനമാക്കി മാറ്റുന്ന ഈ കൂട്ടായ്മ, മരുതോങ്കരയ്ക്ക് മാത്രമല്ല, മറ്റ് പഞ്ചായത്തുകൾക്കും മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button