Uncategorized

ഒടുവില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി; ‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചര്‍ ഒഴിവാക്കി

തിരുവനന്തപുരം; വിവാദങ്ങള്‍ക്കൊടുവില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ചരവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചര്‍ ഒഴിവാക്കി. ദേശാഭിമാനിയുമായി ബന്ധപ്പെട്ട് തുടരെ വിവാദങ്ങള്‍ ഉയരുന്നത് ഗൗരവത്തിലെടുത്തിരിക്കുകയാണ് നേതൃത്വം. വാരാന്തപ്പതിപ്പ് പുറത്തിറക്കാനാകാത്ത സാഹചര്യം പരിശോധിക്കാനാണ് തീരുമാനം. ചുമതലയുള്ളയാള്‍ക്കെതിരെ അച്ചടക്ക നടപടിയും ആലോചിക്കുന്നുണ്ട്.

സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ ‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചു. അനൗദ്യോഗികമായായിരുന്നു വിശദീകരണം.

ഇതിന് പിന്നാലെ പ്രതികരിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഐഎം മുതിര്‍ന്ന നേതാവ് എം സ്വരാജ് രംഗത്തെത്തി. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നുമാണ് സ്വരാജ് പറഞ്ഞത്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്‌നമുണ്ടാകുകയായിരുന്നു. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു.

നേരത്തേ വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. വിഴിഞ്ഞം ഒഹരി കൈമാറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ ഓഹരി കൈമാറ്റം എല്‍ഡിഎഫിന്റെ നേട്ടമെന്നായിരുന്നു ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പിന്നീട് ലേഖകനെ തള്ളുന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് അടക്കം സ്വീകരിച്ചത്. ഇതിന് ശേഷം ‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെര്‍മിനല്‍’ എന്ന തലക്കെട്ടോടെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു വിവാദമായത്. ജൂണ്‍ മൂന്നിന് പ്രസിദ്ധീകരിച്ച പത്രത്തിലായിരുന്നു ഈ ലേഖനം. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ലേഖനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി. ഇതോടെ പ്രതികരിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിലല്ല ആദ്യം ലേഖനം പ്രസിദ്ധീകരിച്ചതെന്നും ഇക്കണോമിക്‌സ് ടൈംസിലും മാതൃഭൂമിയിലുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button