Uncategorized

പ്രവാസികൾക്ക് വൻ തിരിച്ചടി; 30 ശതമാനം എൻജിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെടും, 30 ശതമാനം സ്വദേശിവത്കരണം നടപ്പായി

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശ എൻജിനീയർമാർക്കും തിരിച്ചടിയായി പുതിയ സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ വന്നു. പ്രമുഖ 46 എൻജിനീയറിങ് തസ്തികകളിൽ 30 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ തീരുമാനം നടപ്പിലായതോടെ, ഈ മേഖലകളിൽ ജോലി ചെയ്യുന്ന മുപ്പത് ശതമാനത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും. ഭവന മന്ത്രാലയവുമായി സഹകരിച്ച് പുറപ്പെടുവിച്ച ഈ ഉത്തരവ് 2026 ജൂൺ 30 ചൊവ്വാഴ്ച മുതൽ രാജ്യത്തുടനീളം ക‍‍ർശനമായി നടപ്പിലാക്കിത്തുടങ്ങി.

കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഈ നിയമം, അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതോടെ കമ്പനികൾ തങ്ങളുടെ ആകെ എൻജിനീയറിങ് തസ്തികകളുടെ 30 ശതമാനത്തിൽ സൗദി പൗരന്മാരെ നിയമിക്കാൻ നിർബന്ധിതരാകും. ഇത് നിലവിലുള്ള വിദേശ ജീവനക്കാരുടെ തൊഴിൽ സാധ്യതകളെ നേരിട്ട് ബാധിക്കും.

നിയമം ബാധകമാകുന്ന പ്രധാന തസ്തികകൾ
ആർക്കിടെക്റ്റ്, സിവിൽ എൻജിനീയർ

പവർ ജനറേഷൻ എൻജിനീയർ

ഇൻഡസ്ട്രിയൽ എൻജിനീയർ

ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ എൻജിനീയർ

ഓട്ടോമോട്ടീവ്, മറൈൻ എൻജിനീയർമാർ

ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയർ

എയറോനോട്ടിക്കൽ എൻജിനീയർ

ഈ തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ മുഴുവൻ ജീവനക്കാർക്കും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൻ്റെ (SCE) പ്രഫഷനൽ അക്രഡിറ്റേഷൻ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പ്രതിഭകളെ പിന്തുണയ്ക്കുകയും സ്വദേശികളായ തൊഴിലന്വേഷകർക്ക് സ്ഥിരതയുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നടപടി.

പുതിയ നിയമം സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിൻ്റെ പ്രത്യേക നിരീക്ഷണ സംഘങ്ങൾ രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. നിശ്ചിത ക്വാട്ട പാലിക്കാത്തതും വിദേശികളെ നിയമവിരുദ്ധമായി നിലനിർത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button