Uncategorized

ഡല്‍ഹിയില്‍ അക്രമപരമ്പര, 24മണിക്കൂറിനിടെ 5 കൊലപാതകങ്ങള്‍; ഇരകളില്‍ കുട്ടികളും

ഡല്‍ഹിയില്‍ വീണ്ടും അക്രമസംഭവങ്ങളുടെ പരമ്പര. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിയിലെ രോഹിണി അമന്‍ വിഹാര്‍ മേഖലയില്‍ ലഹരിവിമുക്ത പുനരധിവാസ കേന്ദ്രത്തിൽ 22 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻപുരി സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. കേന്ദ്രത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗോള്‍പുരി സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിലാണ് മറ്റൊരു സംഭവം നടന്നത്, ശ്യാംലാൽ കോളേജിന് സമീപത്ത് 22 കാരനായ അമനുള്ള ഖുറേഷി എന്ന യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വ്യക്തിവൈരാഗ്യവും കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആദ്യം അപകടമരണമാണെന്നാണ് കുടുംബം കരുതിയതെങ്കിലും ആശുപത്രിയിലെത്തിയപ്പോഴാണ് വെടിയേറ്റാണ് മരിച്ചതെന്ന് ബോധ്യപ്പെട്ടത്. അമ്മാവനും മരുമകനും തമ്മിലുണ്ടായ തർക്കമാണ് അഞ്ചാമത്തെ കൊലപാതകത്തിനു കാരണമായത്. ഡൽഹിയിലെ സുഭാഷ് പ്ലേസില്‍വച്ച് മരുമകന് ഒന്നിലധികം തവണ കുത്തേറ്റു, ഇയാള്‍ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തർക്കത്തിനിടെ അമ്മാവനും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊലപാതകക്കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

മെട്രോ നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങളില്‍ ഡല്‍ഹി മുന്നിലാണെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024-ൽ മാത്രം ഡൽഹിയിൽ 2.75 ലക്ഷത്തിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023-ൽ 3,23,549 കേസുകളും 2022-ൽ 2,98,988 കേസുകളുമായിരുന്നു. 2024-ൽ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ 58.85 ലക്ഷം ക്രിമിനൽ കേസുകളിൽ 4.67 ശതമാനവും ഡൽഹിയിലാണെന്നു വേണം മനസിലാക്കാന്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button