Uncategorized
ശബരിമല സ്വർണ മോഷണക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വർണ മോഷണ കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ റിപ്പോർട്ടിന്റെ കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും. കഴിഞ്ഞ വർഷം സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിലെ അന്വേഷണ റിപ്പോർട്ടും ഇന്ന് കോടതിക്ക് കൈമാറും.
ജൂൺ 29 ന് സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതേസമയം 2019 ലെ ദ്വാരപാലക ശിൽപ്പ പാളികൾ, കട്ടിളപ്പാളികൾ എന്നിവയിലെ സ്വർണ മോഷണ കേസുകളിൽ അന്വേഷണം പൂർത്തിയായതായും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. ശബരിമല സ്വർണ മോഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.




