Uncategorized

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്: പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേട് കേസിൽ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും തുടര്‍ന്നുള്ള അന്വേഷണം നടക്കാനുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. അടുത്ത 15 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ലഖ്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പണ്ഡ് പറഞ്ഞു.

സംഭാവന ഫണ്ടും വിലപിടിപ്പുള്ള ഫണ്ടും പരിപാലിക്കുന്നവരുടെയും പണം എണ്ണുന്നവരുടെയും അത് ബാങ്കിലേക്ക് മാറ്റുന്നവരുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായി സ്രോതസിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭാവനകളുടെ മേല്‍നോട്ടവും കണക്കുകളും ബാങ്ക് ഇടപാടുകളും കൈകാര്യം ചെയ്യുന്നവരെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍.ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവര്‍ത്തനത്തിലും ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ക്ഷേത്രത്തില്‍ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും ട്രസ്റ്റിനും നിര്‍ദേശം നല്‍കി. ലക്ഷകണക്കിന് വരുന്ന ഭക്തരുടെ ആത്മവിശാസത്തെയും പൊതുതാത്പര്യത്തെയും സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു വലിയ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അയോധ്യയില്‍ ക്ഷേത്രം സ്ഥാപിക്കുന്നതിനായി തലമുറകളോളം കാത്തിരുന്നവരില്‍ ആഴത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് യുപി സര്‍ക്കാര്‍ ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സംഭാവനകളിലുണ്ടായ ക്രമക്കേട് അന്വേഷിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്. ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ പന്ത്, ഇന്‍സ്പെക്ടര്‍ ജനറല്‍ കിരണ്‍ എസ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരടങ്ങുന്ന എസ്ഐടിയാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button