വിഴിഞ്ഞം ഓഹരി കൈമാറ്റം; ‘പറഞ്ഞിട്ട് ഒരു മണിക്കൂർ തികയുന്നതിനുമുമ്പേ തന്നെ ആ കള്ളം പൊളിഞ്ഞുവീണു’: എല്ലാത്തിനും തെളിവുണ്ട് സാർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയെ പഴിചാരി രക്ഷപ്പെടാനുള്ള വിഡി സതീശന്റെ ആ ശ്രമവും പാളി. ഈ വാർത്ത ആദ്യം വന്നത് ദേശാഭിമാനിയിൽ ആണെന്ന വിഡി സതീശന്റെ വാദത്തിനെതിരെ തെളിവുമായാണ് കെയു ജനീഷ് കുമാർ എംഎൽഎ രംഗത്ത് വന്നത്.
നല്ല വായനക്കാരനായ സതീശൻ സാറേ, ഓഹരി വിൽക്കുന്ന വാർത്ത ആദ്യം വന്നത് ദേശാഭിമാനിയിൽ അല്ല. അതൊന്ന് പരിശോധിച്ചിരുന്നെങ്കിൽ പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വരില്ലായിരുന്നുവെന്ന് ജനീഷ് കുമാർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
പറഞ്ഞിട്ട് ഒരു മണിക്കൂർ തികയുന്നതിനുമുമ്പേ തന്നെ ആ കള്ളം പൊളിഞ്ഞുവീണ് അടങ്ങുന്ന കാഴ്ചയാണ് കണ്ടത്. വായന നല്ലതാണ്. പക്ഷേ വായിക്കുന്നതുപോലെ തന്നെ വസ്തുതകൾ പരിശോധിക്കുന്ന ശീലവും വേണം. അല്ലെങ്കിൽ പത്രസമ്മേളനങ്ങൾ ഇങ്ങനെ നാണക്കേടിന്റെ വേദികളായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്റേറിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറുന്നതിനെകുറിച്ച് അറിയുന്ന ഏകപത്രം ദേശാഭിമാനി ആണെന്ന് ആയിരുന്നു സതീശന്റെ വാദം. എന്നാൽ, ഇക്കണോമിക്സ് ടൈംസിലാണ് ആദ്യം ഈ വാർത്ത വന്നത്. ഇതിന് പിന്നാലെ ജൂൺ മൂന്നിന് മാതൃഭൂമിയും വാർത്ത ഏറ്റെടുത്തു.
മാതൃഭൂമിയുടെയും എക്കണോമിക്ക് ടൈംസിന്റെയും വാർത്ത കാണാതെെ ദേശാഭിമാനിയുടെ പേര് പറഞ്ഞ് എൽഡിഎഫ് സർക്കാരിനെ ലക്ഷ്യം വച്ചുള്ള സതീശന്റെ നീക്കമാണ് പൊളിഞ്ഞത്.



