വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ട്; കെ കെ രാഗേഷ്

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ടെന്ന് കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണതെന്നും അസഹിഷ്ണുത കാണിച്ചാല്‍ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരെ വിരട്ടി നിര്‍ത്താന്‍ നോക്കരുത്. ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാല്‍ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാവും. ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.
സിപിഐ എം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചതായി കണ്ടു. കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താല്‍പര്യം ജില്ലാ സെക്രട്ടറിക്കുണ്ട്. ജനാധിപത്യബോധത്തിന്റെ താല്‍പര്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്കാര്യം ചോദിക്കുമ്പോള്‍ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയോട്, തിരിച്ചും ചോദ്യങ്ങളുണ്ടാകും. അതിതാണ്: എന്താണ് വിഴിഞ്ഞത്തോടുള്ള താങ്കളുടെ ‘അമിത താല്‍പര്യം’? വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യം ചോദിക്കുന്ന അപൂര്‍വ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയാണ്. പൊതു പ്രവര്‍ത്തകരെയാകെ അത്തരത്തില്‍ വിരട്ടി നിര്‍ത്താമെന്ന് കരുതരുത്. ഓഹരി വില്‍പന സംബന്ധിച്ച ചോദ്യമുയരുമ്പോൾ, കാണിക്കുന്ന അസ്വസ്ഥത കണ്ടാല്‍, താങ്കള്‍ പ്രതിരോധത്തിലാണെന്നാണ് വിചാരിക്കേണ്ടത്. വാക്കുകള്‍, ശരീര ഭാഷ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയിലല്ല.
ധനം, നിയമം, തുറമുഖം വകുപ്പുകള്‍ ബോധപൂര്‍വം ഏറ്റെടുത്തത്? ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത്, സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറാന്‍ അദാനി കമ്പനി തീരുമാനിച്ചത്, വിഴിഞ്ഞം പോര്‍ട്ട് മുന്‍ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത് തുടങ്ങിയ കാര്യങ്ങളില്‍ മലയാളികള്‍ക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. അക്കാര്യത്തില്‍ ഇനിയും ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യുമെന്നും കെ കെ രാഗേഷ് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കത്തയച്ചു. സര്‍ക്കാരിന് അദാനി കമ്പനി നല്‍കിയ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കരാര്‍ ലംഘനം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതിലടക്കം വ്യക്തത നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാന്‍ ആവില്ല. സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്.




