Uncategorized

തിരുവനന്തപുരത്ത് ലഹരിയുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്. ബംഗാള്‍ സ്വദേശി ആസാദ് ഹുസൈനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും 27 ഗ്രാം ഹെറോയിന്‍ കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഇടുക്കി മൂന്നാറിലും 36 ലിറ്റര്‍ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയിലായി. മാങ്കുളം സ്വദേശികളായ സൈജു, മനോജ്, ബൈജു മാത്യു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ സൈലന്റ് വാലി റോഡില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും ദേവികുളം എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

അതേസമയം ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും രംഗത്തെത്തി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ഓപ്പറേഷന്‍ തൂഫാന്റെ നോഡല്‍ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്നാണ് ഓപ്പറേഷന്‍ തൂഫാനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഇനി മുതല്‍ ഓപ്പറേഷന്‍ തൂഫാന്റെ പ്രചാരത്തിന് മോഹന്‍ലാവും മുന്‍നിരയില്‍ പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ലഹരിവേട്ടയ്ക്ക് എതിരെ ഓപ്പറേഷന്‍ തൂഫാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുളളില്‍ 10 കോടിയിലധികം വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയെന്നും ആകെ 2778 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button