കണ്ണൂരിൽ റെയിൽവേ ഗേറ്റ് അടച്ചില്ല; സമയോചിതമായി ഇടപെട്ട് ലോക്കോ പൈലറ്റ്, ഒഴിവായത് വലിയ ദുരന്തം.

കണ്ണൂർ ചിറക്കൽ അർപ്പാംതോടിൽ റെയിൽവേ ഗേറ്റ് അടക്കാതെ ട്രെയിൻ കടന്നു വന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനായിരുന്നു സംഭവം. ഗേറ്റ്മാൻ കാബിനിൽ ഉണ്ടായിരുന്നുവെങ്കിലും സിഗ്നൽ സന്ദേശം ശ്രദ്ധിക്കാതെ അശ്രദ്ധമായി ഇരിക്കുകയായിരുന്നു. മംഗളൂരുവിൽ നിന്ന് വരികയായിരുന്ന ചെന്നൈ മെയിൽ അർപ്പാംതോട് ഗേറ്റ് എത്തുന്നതിന് ഏതാനും അകലെ നിർത്തിയിടുകയായിരുന്നു. ഗേറ്റ് കടന്നു വാഹനങ്ങൾ പോകുന്നത് അകലെ നിന്നും ശ്രദ്ധയിൽപ്പെട്ടതും സിഗ്നൽ ലഭിക്കാതിരുന്നതും കാരണം ലോക്കോ പൈലറ്റ് വേഗത കുറച്ചെത്തി ഗേറ്റ് എത്തുന്നതിനു മുൻപേ ട്രെയിൻ നിർത്തിയിടുകയായിരുന്നു. പ്രദേശവാസികൾ ഗേറ്റിന് ഇരുവശങ്ങളിലും വാഹനങ്ങൾ കൈകാട്ടി നിർത്തിച്ചു. തുടർന്ന് വേഗത കുറച്ച് ട്രെയിൻ ഇതിലൂടെ കടന്നുപോയി. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗേറ്റ്മാനെ ജോലിയിൽ നിന്ന് മാറ്റി പകരം മറ്റൊരു ഗേറ്റ്മാന് ചുമതല നൽകി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലീസും സ്ഥലത്തെത്തിയിരുന്നു.




