പുതുമകളോടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, ഇംഗ്ലിഷിലും അവതരണം; ആളാരവത്തിൽ സെക്രട്ടേറിയറ്റ്, നിയന്ത്രണങ്ങൾക്ക് അയവ്

തിരുവനന്തപുരം
നിയന്ത്രണങ്ങളിലെ അയവ് തുടർന്നതോടെ യുഡിഎഫ് സർക്കാരിന്റെ രണ്ടാം പ്രവൃത്തി ദിവസവും സെക്രട്ടേറിയറ്റിലേക്ക് ജനമൊഴുകി. രാവിലെ 8.45ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഓഫിസിലേക്കെത്തിയതിനു പിന്നാലെയാണ് ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. സന്ദർശകർക്കു പാസ് നിർദേശിച്ചിരുന്നെങ്കിലും സുരക്ഷാ ജീവനക്കാർ ഇതു കർശനമാക്കിയില്ല. മന്ത്രിസഭാ യോഗത്തിനുശേഷം ഭൂരിഭാഗം മന്ത്രിമാരും തങ്ങളുടെ ഓഫിസ് മുറിയിലെത്തിയതും ആൾത്തിരക്ക് കൂടാൻ കാരണമായി.
പുതിയ സർക്കാരിൻ്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വി.ഡി.സതീശന്റെ മാധ്യമ സമ്മേളനത്തിൽ പുതുമകളേറെയുണ്ടായി. 10 മിനിറ്റുകൊണ്ട് തീരുമാനങ്ങൾ വേഗത്തിൽ വിശദീകരിച്ച സതീശൻ തുടർന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം വിശദമായ മറുപടി നൽകി. മന്ത്രിസഭാ തീരുമാനങ്ങൾ മുഖ്യമന്ത്രി ഇംഗ്ലിഷിൽ അവതരിപ്പിച്ചതും പുതുമയായി. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച വിജ്‌ഞാപനം വൈകിയത് സെക്രട്ടേറിയറ്റിലെ സന്ദർശകരെ വലച്ചു. മന്ത്രിമാരുടെ പേരുകളും വകുപ്പും ഉൾപ്പെടുത്തിയ ബോർഡുകൾ ഇന്നലെയും ഓഫിസുകളിൽ സ്‌ഥാപിക്കാനായില്ല. ഇന്നലെ വൈകിട്ട് വിജ്‌ഞാപനമിറങ്ങിയതോടെ ഇന്നുമുതൽ ഓഫിസുകളുടെപ്രവർത്തനം പൂർണ തോതിലാകും. കഴിഞ്ഞ ദിവസങ്ങളേക്കാൾ കൂടുതൽ പേർ ഇന്ന് സെക്രട്ടേറിയറ്റിലെത്തുമെന്നാണു സുരക്ഷാ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.




