പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്നാണ് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിവേഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് എസ്‌ഐടിയുടെ ശ്രമം. പരീക്ഷാ രേഖകള്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് എസ്‌ഐടി കത്ത് നല്‍കിയിട്ടുണ്ട്.
പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുക. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പരാതി നല്‍കുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടി നീക്കം. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കം വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളില്‍ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയര്‍ന്നിട്ടുണ്ട്.അസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്‍കി. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്. അഭിമുഖത്തില്‍ സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നും പരാതി ഉയര്‍ന്നിരുന്നു. പരാതി വ്യാപകമായതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്. പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു.




