യുവാവിനെ കഴുത്തറുത്തു കൊന്നു : സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: അതിഥി തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിൽ തള്ളി. പൂപ്പറമ്പിൽ താമസിക്കുന്ന അസം സ്വദേശിയായ ഫിലിപ്പ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫിലിപ്പിന്റെ സഹോദരി ഭർത്താവ് രമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കെട്ടിട നിർമ്മാണ തൊഴിലാളികളായാണ് അസം സ്വദേശികളായ ഫിലിപും സഹോദരി ഭർത്താവായ രമേശനും കണ്ണൂരിലെത്തിയത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യലഹരിയിൽ തർക്കമുണ്ടാവുകയും ഫിലിപ്പിനെ രമേശൻ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കുളിമുറിയിൽ തളളിയ നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റു തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി രമേശനെയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



