എന്‍ടിഎയുടെ ചോദ്യപേപ്പര്‍ ചോരുന്നത് ആദ്യമായല്ല, പിരിച്ചുവിടണം’; പരീക്ഷാ ക്രമക്കേടില്‍ സിപിഐഎം

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. പരീക്ഷ റദ്ദാക്കിയത് 22 ലക്ഷം വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് പോളിറ്റ് ബ്യൂറോയില്‍ വിലയിരുത്തി. എന്‍ടിഎയുടെ പേപ്പര്‍ ചോരുന്നത് ആദ്യതവണയല്ലെന്നും എന്‍ഡിഎ പിരിച്ചുവിടണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ വികേന്ദ്രീകരണ സംവിധാനത്തിലൂടെ നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അതേസമയം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരന്‍ പിടിയിലായിട്ടുണ്ട്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മനീഷ് യാദവാണ് പിടിയിലായത്. മനീഷിനൊപ്പം ഒന്‍പത് പേരെയും നാസിക്ക് പൊലീസ് പിടികൂടിയിട്ടുണ്ട്. രാജസ്ഥാന്‍ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വമ്പന്‍ തട്ടിപ്പാണ് നടന്നതെന്നാണ് നാസിക്ക് പൊലീസിന്റെ കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയിതായി കേന്ദ്രം അറിയിച്ചിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) അറിയിച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.
കുട്ടികള്‍ക്ക് പുതിയ ഹാള്‍ ടിക്കറ്റ് ഉടന്‍ വിതരണം ചെയ്യുമെന്നാണ് വിവരം. ഒരിക്കല്‍ പരീക്ഷ എഴുതിയതിനാല്‍ പുതുതായി രജിസ്ട്രേഷന്‍ നടത്തേണ്ടതിന്റെയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുനല്‍കുമെന്നും എന്‍ടിഎ അറിയിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്.




