Uncategorized

മഴക്കാല മുന്നൊരുക്കം; സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തിപ്പെടുത്തി കൊച്ചി മെട്രോ

കൊച്ചി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തിപ്പെടുത്തി. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. ട്രാഫിക് വാർഡൻമാരുടെ അധിക വിന്യാസം, ഡീവാട്ടറിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അപകട സാധ്യതകൾ ഒഴിവാക്കാൻ എമർജൻസി റെസ്പോൺസ് ടീമുകളേയും സജ്ജമാക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

മഴക്കാലത്ത് കൊച്ചി നഗരത്തിലെ ഗതാഗത തടസങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനുമായി വിപുലമായ സുരക്ഷാ നടപടികളാണ് കൊച്ചി മെട്രോ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ അധിക ട്രാഫിക് വാർഡൻമാരെ വിന്യസിച്ച് വാഹന ഗതാഗത നിയന്ത്രണവും കാൽനട യാത്രക്കാർക്ക് സഹായവും ഉറപ്പാക്കും. രാത്രികാലങ്ങളിൽ കൂടുതൽ ദൃശ്യത ലഭ്യമാക്കുന്നതിനായി ബാരിക്കേഡുകളിൽ റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും സ്ഥാപിച്ചു. ഡൈവർഷൻ മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും സജ്ജമാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ ബാരിക്കേഡുകൾ ഘട്ടം ഘട്ടമായി നീക്കി ഗതാഗത തടസം കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനുകളും മഴവെള്ള ചാലുകളും വൃത്തിയാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിൽ ഡീവാട്ടറിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അപകട സാഹചര്യം നേരിടുന്നതിനായി പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തി എമർജൻസി റെസ്പോൺസ് ടീമുകളും എല്ലാ നിർമാണ കേന്ദ്രങ്ങളിലും സജ്ജമാക്കുമെന്ന് കെഎംആർഎൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button