തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്! വിജയ് സത്യപ്രതിജ്ഞ ചെയ്തതിന്റെ പിന്നാലെ രണ്ടായി പിളർന്ന് എഐഎഡിഎംകെ

നാടകീയത ഒഴിയാതെ തമിഴ്നാട് രാഷ്ട്രീയം. തമിഴക വെട്രി കഴകം നേതാവും സിനിമാ താരവുമായ സി ജോസഫ് വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിന്നാലെ സംസ്ഥാനത്തെ പ്രമുഖ പാർട്ടിയായ എഐഎഡിഎംകെ പിളർന്നു.
ഇന്ന് എംഎൽഎ-മാരുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് നാടകീയ രംഗങ്ങൾക്ക് തമിഴ്നാട് സാക്ഷിയായത്. പാർട്ടിയിലെ എംഎൽഎ-മാരിൽ പതിനേഴ് പേർ എടപ്പാടി കെ പളനിസാമിയെ നിയമസഭ കക്ഷി നേതാവായി പിന്തുണച്ച് നിയമസഭാ സെക്രട്ടറിയ്‌ക്കും പ്രോടേം സ്പീക്കര്‍ക്കും കത്ത് നല്‍കിയപ്പോള്‍ മുപ്പത് എംഎല്‍എമാര്‍ എസ് പി വേലുമണിയെ പിന്തുണച്ച് കത്തയച്ചു. കൂടാതെ മുപ്പത് എഐഎഡിഎംകെ എംഎൽഎ-മാർ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിനെ തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ ഇന്നലെ ഇരു വിഭാഗങ്ങളും പ്രത്യേകം യോഗങ്ങൾ വിളിച്ചു കൂട്ടിയത് വാർത്തയായിരുന്നു. പളനിസ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ മറുവിഭാഗം എംഎല്‍എമാരുടെ മറ്റൊരു യോഗം ആണ് സംഘടിപ്പിച്ചത്. ഇതിൽ കൂടുതൽ ആളുകൾ പങ്കെടുത്ത വിമത യോഗത്തിൽ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിയെ പിന്തുണയ്‌ക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ.




