Uncategorized

‘നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കണം’; പോക്സോ കേസിൽ ജയിലിലായ 18കാരന് ജാമ്യം

മുംബൈ: നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കാന്‍ 18കാരനായ പീഡനക്കേസ് പ്രതിക്ക് താത്കാലിക ജാമ്യം അനുവദിച്ച് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി. പീഡനക്കേസ് പ്രതിയായ ഇയാള്‍ക്ക് നാലു ദിവസത്തേക്കാണ് കോടതി ജാമ്യം നല്‍കിയത്. ജൂണ്‍ 21ന് നാണ് നീറ്റ് പുനഃപരീക്ഷ. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ജൂണ്‍ 18 മുതല്‍ 21വരെയാണ് ജാമ്യം നല്‍കിയത്. അതിജീവിത ഇയാളുടെ ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

50,000 രൂപയുടെ ബോണ്ടും തുല്യമായ തുകയുടെ ആള്‍ജാമ്യവും പ്രതി കെട്ടിവെയ്ക്കണം. കൂടാതെ ജൂണ്‍ 22ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. അഭിഭാഷകനായ കപില്‍ വിശ്വാസ് സോഡ്ജാണ് പ്രതിക്കായി ഹാജരായത്. പ്രതിക്ക് തന്റെ തെറ്റു തിരുത്താന്‍ ഒരു അവസരമെന്ന നിലയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. കുറ്റവാളികളെയും തടവിലാക്കപ്പെട്ട വ്യക്തികളെയും പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യവും ക്രിമിനല്‍ നീതി വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രതിക്ക് പരീക്ഷയില്‍ പങ്കെടുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പൊലീസ് സാന്നിധ്യം അയാളുടെ മാനസികനിലയെ ബാധിക്കുമെന്ന വാദവും അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നു. അതേസമയം സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ചൈത്രാലി പാന്‍ഷികാര്‍ പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ത്തു. പ്രതിക്ക് എതിരെയുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ചൈത്രാലി ചൂണ്ടിക്കാട്ടി. പൊലീസ് എസ്‌ക്കോര്‍ട്ടില്‍ ഒരു ദിവസം മാത്രം പരീക്ഷ എഴുതാനായി പ്രതിക്ക് അനുവദിക്കുന്നതാകും നല്ലതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതിയുടെ ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ നീറ്റ് അഡ്മിറ്റ് കാര്‍ഡ് എന്നിവ പരിശോധിച്ച കോടതി, പ്രതിയ്ക്ക് താത്കാലിക ജാമ്യം അനുവദിക്കാന്‍ മതിയായ കാരണമുണ്ടെന്ന നിരീക്ഷണമാണ് മുന്നോട്ടുവച്ചത്.

പ്രോസിക്യൂഷന്റെ ആശങ്കകള്‍ പരിഗണിച്ച്, കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. അതിജീവിതയെ ബന്ധപ്പെടുകയോ, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയോ, ദൃക്‌സാക്ഷിയെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കര്‍ശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ടെന്ന് എഴുതി നല്‍കണമെന്നും കീഴടങ്ങുമ്പോള്‍ പരീക്ഷയ്ക്ക് പങ്കെടുത്തതിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button