Uncategorized

‘വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നു, പ്രതിരോധിക്കുന്നതിൽ പോരായ്മയുണ്ടായി’;എതിർപ്പുമായി ആരിഫ്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം നേതാവ് എ എം ആരിഫ്. വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അത് പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ആരിഫ് പറഞ്ഞു. വെള്ളാപ്പള്ളിയെ സംരക്ഷിച്ചെന്നും ആരിഫ് പറഞ്ഞു.
വെള്ളാപ്പള്ളിയെ പ്രതിരോധിച്ചില്ല, സംരക്ഷിച്ചു. അദ്ദേഹം മുസ്‌ലിം ലീഗിനെ മാത്രമല്ല, മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ആ സമയത്ത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തില്‍ പോരായ്മ ഉണ്ടായിട്ടുണ്ട്’, ആരിഫ് പറഞ്ഞു.
എല്‍ഡിഎഫ് പ്രതിരോധം ശക്തമാക്കിയാല്‍ മാത്രമേ തിരിച്ച് വരവിന് സാധ്യത ഉള്ളുവെന്നും ആരിഫ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമാണ് ഫോക്കസ് ചെയ്തതെന്നും പിണറായിയുടെ ഫ്‌ളക്‌സുകള്‍ വന്നപ്പോള്‍ എതിരാളികള്‍ കൂടുതല്‍ ശക്തമായി ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ പ്രതിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സിപിഐഎമ്മിന്റെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാര്‍ക്കണം. എതിരാളി എത്രത്തോളം ശക്തനാണെന്ന് മനസിലാക്കി പ്രവര്‍ത്തിച്ച് തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു
‘കനത്ത പരാജയമുണ്ടായി. ഇത് ആദ്യത്തേതല്ല, കേരള രാഷ്ട്രീയം അങ്ങോട്ടും ഇങ്ങോട്ടും മാറി വരും. എന്നാല്‍ അപ്പോഴൊന്നും എല്‍ഡിഎഫിന്റെ അടിത്തറയില്‍ വലിയ മാറ്റം വരാറില്ല. പരാജയപ്പെടുമ്പോഴും തിരിച്ച് വരാന്‍ കഴിയാവുന്ന അടിത്തറയുണ്ടായിരുന്നു. എന്നാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയില്‍ സംഭവിച്ചത് അടിത്തറയില്‍ വിള്ളലുകള്‍ വീണു. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം കിട്ടിയപ്പോള്‍ ആക്രമണത്തിന്റെ കുന്തമുന പിണറായിയിലേക്കായിരുന്നു. പാര്‍ട്ടി സംഘടനാ മിഷണറിയും സംഘടനാ സംവിധാനവും സൈബര്‍ ഇടവും അങ്ങോട്ട് ആക്രമിക്കുന്നതില്‍ നിന്നും പിറകിലായി’, എ എം ആരിഫ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button