Uncategorized

തെളിവ് സഹിതം ഹാജരാക്കിയിട്ടും എന്തുകൊണ്ടാണ് റാമിനെ പിടികൂടാത്തത്?’; പൊലീസിനെതിരെ നിതിന്റെ അച്ഛൻ

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി റാമിനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രാജന്‍. പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ റാം ഉണ്ടായിട്ടും ആന്ധ്രയിലുണ്ട് കര്‍ണാടകത്തില്‍ ഉണ്ട് എന്ന് പറഞ്ഞ് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മകന്‍ പോയിട്ട് 18 ദിവസം കഴിഞ്ഞു. ഇതുവരെയും മകന് നീതി ലഭിച്ചില്ല. തെളിവ് സഹിതം ഹാജരാക്കിയിട്ട് എന്തുകൊണ്ടാണ് പൊലീസ് റാമിനെ പിടികൂടാത്തതെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് ഇവിടെ പൊലീസും നിയമവുമൊക്കെ? പൊലീസ് കോമാളികള്‍ ആക്കുകയാണ്. അന്വേഷണത്തില്‍ തൃപ്തരല്ലെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.

കോളേജുകാര്‍ മകനെ കൊന്നിട്ട് ആപ്പിന്റെ പേരില്‍ കെട്ടിവെക്കുന്നു. കോളേജിലെ സിസിടിവി പോലും കാണിക്കുന്നില്ല. പഴുതുകള്‍ ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണ്. സാമ്പത്തികം കുറഞ്ഞവരായതുകൊണ്ടാണോ തങ്ങളോട് ഈ അനീതി.നോയിഡയില്‍ പോയി ചിലരെ പിടിച്ചു. എന്നിട്ട് കണ്ണിന്റെ മുന്നിലുള്ള റാമിനെ പിടികൂടിയില്ല. കോടതിയില്‍ പോയി റാം ജാമ്യം വാങ്ങുന്നതുവരെ പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം ആരോപിച്ചു. നീതി കിട്ടുകയാണ് ലക്ഷ്യമെന്നും എല്ലാവരും ശ്രമിക്കുന്നതും നീതിക്ക് വേണ്ടിയാണെന്നും ഹര്‍ത്താലിന്ക്കുറിച്ച് അദ്ദേഹം പറഞ്ഞു. കേരള പൊതുസമൂഹം ഒപ്പം നില്‍ക്കണം
സംഘടനയോ പാര്‍ട്ടിയോ നോക്കാതെ ഒപ്പം നില്‍ക്കണം. മന:സാക്ഷിയുള്ളവര്‍ ഹര്‍ത്താലിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നല്‍കാമെന്ന പ്രഖ്യാപനത്തിലും പിതാവ് പ്രതികരിച്ചു. വീട് സ്വീകരിക്കേണ്ട കാര്യമില്ല. ആദ്യം നീതി ലഭിക്കട്ടെ. എന്നിട്ട് വീട് വയ്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഇത്രയും കാലവും വീടില്ലാത്ത തന്നെയാണ് കഴിഞ്ഞത്. ഇനിയും അങ്ങനെ കഴിഞ്ഞോളാം. മകന്റെ പേരില്‍ വീടല്ല വേണ്ട്, മകന് നീതി ആണ് വേണ്ടതെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button