Uncategorized

“ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ല”; ഐ.എം. വിജയൻ ബയോപിക് ടൈറ്റിൽ ലോഞ്ച് റദ്ദാക്കി

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതകഥ ആസ്പദമാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് റദ്ദാക്കി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിവച്ചത്. ടൈറ്റിൽ ലോഞ്ച് ഇവന്റ് റദ്ദാക്കിയ വിവരം സംവിധായകൻ ഒമർ ലുലു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

“തൃശൂരിൽ നടന്ന ദാരുണമായ സ്ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ, ഏപ്രിൽ 26ന് നടത്താനിരുന്ന ഐ.എം. വിജയൻ ബയോപിക് ടൈറ്റിൽ ലോഞ്ച് ഇവന്റ് റദ്ദാക്കിയ വിവരം ഞങ്ങൾ ഖേദപൂർവം അറിയിക്കുന്നു. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. അവർക്കായി പ്രാർത്ഥനകളും ആഴത്തിലുള്ള അനുശോചനവും രേഖപ്പെടുത്തുന്നു.

ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പം ഈ നിമിഷത്തിൽ ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ല, മറിച്ച് ആദരവോടെയും പ്രാർത്ഥനയോടെയും ഇരിക്കേണ്ട സമയമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്,” ഒമർ ലുലു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.ഏപ്രിൽ 26ന് പൂരം നാളിൽ തൃശൂരിൽ വച്ചാണ് സിനിമയുടെ ലോഞ്ചിങ് നിശ്ചയിച്ചിരുന്നത്. കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖ നിർമാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ് ‘ഐ.എം. വിജയൻ ബയോപിക്’ നിർമിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഉൾപ്പടെ വിവിധ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ വിജയനായി എത്തുക ആരാണെന്നത് സസ്‌പെൻസ് ആക്കി വച്ചിരിക്കുകയാണ്.

നേരത്തെ, വിജയന്റെ ജീവിതം ‘കാലോ ഹരിൺ’ എന്ന പേരിൽ ഡോക്യുമെന്ററി ആയിട്ടുണ്ട്. ചെറിയാൻ ജോസഫ് ആണ് ഈ 35 എംഎം ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തത്. ബംഗാളിൽ വിജയനെ സ്നേഹത്തോടെ വിളിക്കുന്നത് കാലോ ഹരിൺ എന്നാണ്. ഇതിൽ നിന്നാണ് ഡോക്യുമെന്റിയുടെ ടൈറ്റിലിന്റെ പിറവി.

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥ ‘ക്യാപ്റ്റൻ’ എന്ന പേരിൽ സിനിമയായിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം 2018ലാണ് റിലീസ് ആയത്. സിനിമയിൽ സത്യനായി വേഷമിട്ടത് ജയസൂര്യയായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഫുട്‍ബോളിലെ ഇതിഹാസ പരിശീലകൻ സയ്യദ് അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയായിരുന്നു. ‘മൈതാൻ’ എന്ന ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് റഹിം ആയി അഭിനയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button