റോൾസ് റോയ്‌സ് വാടകയ്ക്കെടുത്ത് ചായക്കച്ചവടം; ഒരു ലക്ഷം രൂപ മുടക്കി, കിട്ടിയത് 88,400 രൂപ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാൻ വ്യത്യസ്‌ഥ വഴികൾ സ്വീകരിക്കുന്നവരാണ് ഭൂരിഭാഗം കോണ്ടന്റ്റ് ക്രിയേറ്റർമാരും. ഇങ്ങനെ വ്യത്യസ്‌ഥമായ വഴിയിലൂടെ വൈറലായി പണം സമ്പാദിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ‘ഡീലക്സ് ഭയ്യാജി’. ഒരു ആഡംബര കാറിൽ ചായ വിറ്റാൽ എത്ര രൂപ സമ്പാദിക്കാം എന്നറിയാനായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ ശ്രമം. ഇതിനായി 1 ലക്ഷം രൂപ നൽകി ഒരു റോൾസ് റോയ്‌സ് കാർ അദ്ദേഹം വാടകയ്‌ക്കെടുത്തു. തുടർന്ന് റോയൽ ചായ എന്ന പേരിൽ വഴിയരികിൽ ചായ വിറ്റു.
എന്നാൽ സാധാരണപോലെയുള്ള ചായ വിൽപ്പന അല്ലായിരുന്നു ഇത്. ചായ കുടിക്കാനെത്തുന്നവർക്ക് റെഡ് കാർപെറ്റിലാണ് അദ്ദേഹം സ്വീകരണം നൽകിയത്. ചായയ്ക്കൊപ്പം കുക്കീസും ബിസ്ക്കറ്റും നൽകി.
ഒരു റോൾസ് റോയ്‌സിൽ ചായ വിറ്റാൽ എത്ര രൂപ സമ്പാദിക്കാൻ കഴിയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വ്യത്യസ്തമായ ഈ ആശയത്തിൽ ആകൃഷ്ടരായി കുടുംബങ്ങളടക്കം നിരവധി പേരാണ് ചായ കുടിക്കാൻ സ്ഥലത്തെത്തിയത്. എന്നാൽ ഇതിന് ആകെ ചെലവ് വന്നത് 108000 രൂപയും വരവ് 88400 രൂപയുമായിരുന്നു.
ചുരുക്കത്തിൽ സാമ്പത്തികമായി ഇതൊരു നഷ്ടക്കച്ചവടമായിരുന്നു. ഏകദേശം 20,000 രൂപയോളം അദ്ദേഹത്തിന് നഷ്‌ടം സംഭവിച്ചു. എങ്കിലും, താൻ ആളുകളെ സന്തോഷിപ്പിച്ചുവെന്നും ഈ പരീക്ഷണം ഒരു വലിയ അനുഭവമായിരുന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
ഒന്നരക്കോടിയിലധികം കാഴ്ച്ചക്കാരെയും പത്ത് ലക്ഷത്തിലധികം ലൈക്കുകളും നേടി വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ‘നിങ്ങളെ കാണുന്നതിൽ വലിയ സന്തോഷം, സഹോദരാ, മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ട്’ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് വിഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയത്. ഇത് കൂടാതെ കല്ലിൽ ക്ലോക്ക് വച്ച് വിൽക്കുക, കാശ്‌മീരിലെ മഞ്ഞ് ഡൽഹിൽ കൊണ്ടുവന്ന് വിൽക്കുക തുടങ്ങിയ പരീക്ഷണങ്ങളും ‘ഡീലക്സ് ഭയ്യാജി’ ചെയ്തിട്ടുണ്ട്.




