Uncategorized

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ

ചന്ദൗലി: കന്നുകാലി കള്ളക്കടത്തുകാർക്ക് പൊലീസിന്റെ നീക്കങ്ങളേക്കുറിച്ച് വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരൻ പിടിയിൽ. 32കാരനായ കോൺസ്റ്റബിളിനെതിരെയാണ് ഉത്തർ പ്രദേശ് പൊലീസിന്റെ നടപടി. ഉത്തർ പ്രദേശിലെ ചന്ദൗലിയിലാണ് പൊലീസ് പട്രോളിംഗ് വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ കന്നുകാലി കള്ളക്കടത്തുകാർക്ക് ചോർത്തി നൽകിയത്. പൊലീസിന്റെ മുന്നിൽപ്പെടാതെ ജില്ലാതിർത്തി കടക്കാനുള്ള സഹായമാണ് 32കാരനായ ഉദ്യോഗസ്ഥൻ ചെയ്തു നൽകിയത്. സത്യേന്ദ്ര യാദവ് എന്ന കോൺസ്റ്റബിൾ കള്ളക്കടത്തുകാരിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വിവരങ്ങൾ നൽകിയത്. അറസ്റ്റിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടുത്തിടെ കന്നുകാലി കടത്തിയതിന് അറസ്റ്റിലായ ശ്യാം ബാബു എന്നയാളെ ചോദ്യം ചെയ്തതിലാണ് സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാവുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസുകാരനുമായി കന്നുകാലി കടത്ത് സംഘം നിരന്തരമായി സംസാരിച്ചിരുന്നതായി വ്യക്തമായത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും കുറ്റവാളികളെ സഹായിച്ചതിനും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇവർക്ക് പുറമെ കള്ളക്കടത്ത് സംഘത്തിലെ ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് പൊലീസുകാരൻ അറസ്റ്റിലായത്. ചന്ദൗലി അതിർത്തി വഴിയിലൂടെ കന്നുകാലികളെ ബിഹാറിലേക്കായിരുന്നു കടത്തിയിരുന്നത്. അറസ്റ്റിലായ നാലുപേർക്കെതിരെ 162 കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. 1297 കന്നുകാലികളേയും 90 കിലോ ബീഫും 178 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ 7396820 രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button