‘വനിതാ സംവരണ ബില്‍ ഉപാധികളില്ലാതെ കൊണ്ടുവന്നാല്‍ വോട്ടുചെയ്ത് വിജയിപ്പിക്കാന്‍ തയ്യാറാണ്’: ആനി രാജ

ന്യൂഡൽഹി: വനിതാ സംവരണത്തിലല്ല ഉപാധികളിലാണ് പ്രശ്നമെന്ന് സിപിഐ നേതാവ് ആനി രാജ. അനാവശ്യമായ ഉപാധികളാണ് തിരുകിക്കയറ്റിയതെന്നും വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് വനിതാസംവരണ ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നും ഉപാധികളില്ലാതെ കൊണ്ടുവന്നാൽ വനിതാ സംവരണ ബില്ലിനെ വോട്ടുചെയ്ത് വിജയിപ്പിക്കാൻ തയ്യാറാണെന്നും ആനിരാജ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടായിരുന്നു ആനി രാജയുടെ പ്രതികരണം.
‘ഞങ്ങള്‍ സര്‍ക്കാരിനൊപ്പം ചേരാനായിരുന്നു ശ്രമിച്ചത്. സര്‍ക്കാര്‍ വനിതാ സംവരണ ബിൽ ഒരു ഉപാധികളുമില്ലാതെ കൊണ്ടുവന്നാല്‍ അതിനെ ആ നിമിഷംതന്നെ വോട്ടുചെയ്ത് വിജയിപ്പിക്കാൻ തയ്യാറാണ്. മണ്ഡലപുനര്‍നിര്‍ണയം, സെന്‍സസ് എന്നീ ഉപാധികളോടെയാണ് 2023-ല്‍ വനിതാസംവരണ ബിൽ പാസാക്കിയത്. ബില്‍ പാസാക്കിയതിന് ശേഷമാണ് 2024-ല്‍ തെരഞ്ഞെടുപ്പ് വരുന്നത്. അതിനുമുന്‍പ് പാർലമെന്റിൽ 14 ശതമാനം സ്ത്രീകളുണ്ടായിരുന്നു. 2024-ലെ തെരഞ്ഞെടുപ്പില്‍ 13 ശതമാനമായി അത് കുറഞ്ഞു. ഈ രണ്ട് ഉപാധികള്‍ ആ ബില്ലിനൊപ്പം വെച്ചതുകൊണ്ടായിരുന്നു അത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ത്രീകളുടെ പേര് പറഞ്ഞ് ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കരുത്’-ആനി രാജ പറഞ്ഞു.അതേസമയം, വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയും ലോക്സഭയില്‍ ചര്‍ച്ച നടക്കും. ബില്‍ ലോക്സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്തി വനിതാ സംവരണം നടപ്പാക്കാനുളള ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ ശാക്തീകരണമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ഉത്തരേന്ത്യയില്‍ സീറ്റുകള്‍ കൂട്ടി വീണ്ടും അധികാരത്തിലെത്താനാണ് ശ്രമമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അംഗങ്ങളുടെ എണ്ണം ഉയര്‍ത്താതെ നിലവിലെ 543 സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് മാറ്റിവെച്ചാല്‍ മാത്രം ഇന്ത്യാ സഖ്യം ബില്ലിനെ അനുകൂലിച്ചേക്കുമെന്നാണ് വിവരം.




