‘പണി’ സിനിമയിലെപ്പോലെയാണ് കാര്യങ്ങൾ; സേഫ് സോൺ തിരുവല്ലയാണ്, ആക്രമണ ഹബ് ചങ്ങനാശേരിയും

കോട്ടയം സേഫ് സോൺ തിരുവല്ലയാണ്. ആക്രമണ ഹബ് ചങ്ങനാശേരിയും. തിരുവല്ലയിൽനിന്നു ഗൾഫിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറ്റം നടന്നതോടെ ആളൊഴിഞ്ഞ വീടുകളേറെ. തിരുവല്ലയിലേക്ക് മറ്റൊരു കുടിയേറ്റം നടക്കുന്നുണ്ട്. ക്വട്ടേഷനുകളും സാമ്പത്തിക ഇടപാടുകളും നടത്തി പച്ചപിടിച്ച ചങ്ങനാശേരിയിലെ ചില ഗുണ്ടകൾ തിരുവല്ല കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു. ഗുണ്ടകളിലെ ഹൈപ്രൊഫൈൽ വിഭാഗമാണ് ഇത്തരക്കാർ. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും വീടും സ്ഥലവും ഇവർ സമ്പാദിക്കുന്നു.
ഹൈപ്രൊഫൈൽ ഗുണ്ട വഴി നീളെ ഓടി നടന്ന് അടിയുണ്ടാക്കാനോ കത്തിയെടുത്ത് ഭീഷണിപ്പെടുത്താനോ ഹൈപ്രൊഫൈൽ ഗുണ്ടകൾ മെനക്കെടാറില്ല. റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ പരിഹരിക്കുക, സ്ഥലക്കച്ചവടം, അനധികൃത ക്വാറികൾക്കു സുരക്ഷ, ഉന്നതർക്കായി കാസിനോ മാതൃകയിൽ ചീട്ടുകളി സൗകര്യം ഒരുക്കൽ തുടങ്ങി ഹണിട്രാപ്പിലേക്കും സ്വർണക്കടത്തിലേക്കും നീളുന്ന വൻപരിപാടികളാണ് ഇക്കൂട്ടരുടേത്. തെളിവുണ്ടാകാതിരിക്കാൻ നേരിട്ട് ഇറങ്ങില്ല. ചങ്ങനാശേരിയിലെ ശിഷ്യൻമാർക്കും ഛോട്ടാ ഗുണ്ടകൾക്കും തലവൻ നിർദേശം നൽകും. പൊലീസിലും രാഷ്ട്രീയത്തിലും ഹൈപ്രൊഫൈൽ ഗുണ്ടകൾക്കു സ്വാധീനമുണ്ട്.
തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ വരെ സ്വാധീനമുണ്ട്. പാർട്ടികൾക്കും സംഘടനകൾക്കും കൈനിറയെ സംഭാവന നൽകും. പൊതുപരിപാടികളിൽ പോലും ഇവർക്ക് പ്രത്യേക സ്ഥാനവും മറ്റും കിട്ടുന്നുമുണ്ട്. ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ഒരു ഛോട്ടാ ഗുണ്ട ഇപ്പോൾ രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്. സാമ്പത്തിക തർക്കങ്ങൾക്കു മധ്യസ്ഥത വഹിക്കലാണ് ഇപ്പോഴത്തെ ജോലി. വലിയ കാറിൽ പരിവാരങ്ങളോടൊപ്പമാണ് കക്ഷി സ്റ്റേഷനിൽ ഒപ്പിടാൻ എത്തുന്നത്.
ലോപ്രൊഫൈൽ ഗുണ്ട ലോപ്രൊഫൈൽ ഗുണ്ടകളാണ് കൂടുതൽ ആക്രമണകാരികളെന്ന് പൊലീസ് പറയുന്നു. ‘പണി’ സിനിമയിലെ ചെറുപ്പക്കാരായ രണ്ട് വില്ലൻമാരെപ്പോലെയാണ് ഇവർ. ഏത് സമയത്തും എന്തും ചെയ്യും. “പണിയുമെന്ന് പറഞ്ഞാൽ പണിയും’ എന്നതാണ് ഇവരുടെ ഡയലോഗ്. ഇവർ ഒരു ഗ്യാങ്ങിൻ്റെയും ഭാഗമല്ല. മാരക ലഹരി ഉപയോഗിച്ചാണ് ഇത്തരക്കാരുടെ കറക്കം. കഴിഞ്ഞ ദിവസം പെരുന്നയ്ക്കു സമീപം കാറിലെത്തിയ മുതിർന്ന പൗരനെ വഴിയിൽ തടഞ്ഞ് 2 യുവാക്കൾ ഭീഷണിപ്പെടുത്തി.
കയ്യിൽ ചെയിനുമായിട്ടായിരുന്നു ഭീഷണി. സിഗ്നലിൽ ഹോൺ മുഴക്കിയതാണ് യുവാക്കളുടെ പ്രകോപനത്തിനു കാരണം. ഒട്ടേറെ ക്രിമിനൽ കേസുകളിലടക്കം പ്രതിയായ ഒരു യുവാവിന് ആരാധകർ ഒരുപാടുണ്ട്. ചങ്ങനാശേരി ടൗണിലും ബൈപാസിലും രാത്രി പ്രവർത്തിക്കുന്ന ചില കടകളിലും ഇത്തരം ഗുണ്ടകളും ആരാധകരും ചേർന്നുള്ള മീറ്റപ്പുകളുണ്ട്.
പൊലീസിനെ പറ്റിക്കും പൊലീസിനെ കബളിപ്പിക്കുന്ന ഗുണ്ടകളുണ്ട്. ചങ്ങനാശേരിയിൽ ഒട്ടേറെ ക്രിമിനൽ കേസിലുൾപ്പെട്ട പ്രതി ഒരിക്കൽ ആക്രമണ നാടകം കളിച്ച് പൊലീസിനെ പറ്റിച്ചു. ഡമ്മിക്കത്തി ഷർട്ടിൽ തറപ്പിച്ച് ചുവന്ന നിറത്തിലുള്ള ചായം ഒഴിച്ചു. തന്നെ ആക്രമിച്ചെന്നും ഉടൻ മരിക്കുമെന്നും ലൈവ് വിഡിയോയിലൂടെ ഇയാൾ പറഞ്ഞു. ഇതുകണ്ട് അയാളുടെ വീട്ടിലേക്ക് ഓടിയെത്തിയ പൊലീസിന് അബദ്ധം പിണഞ്ഞു.




