Uncategorized

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

കണ്ണൂർ: പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് വിജയം സുനിശ്ചിതമെന്ന വിലയിരുത്തലുമായി യുഡിഎഫ്. പേരാവൂരിൽ കാലിടറില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫിൻ്റെ മണ്ഡലം കമ്മിറ്റി. സണ്ണി ജോസഫ് ചുരുങ്ങിയത് 9000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ചേ‍ർന്ന മണ്ഡലം കമ്മിറ്റിയിലാണ് വോട്ട് കണക്കുകൾ അവതരിപ്പിച്ചത്.

അയ്യൻകുന്ന് പഞ്ചായത്തിൽ നിന്നായിരിക്കും സണ്ണി ജോസഫിന് എറ്റവും കൂടുതൽ ലീഡ് ലഭിക്കുക എന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. ഇരിട്ടി മുൻസിപ്പാലിറ്റിയിൽ നിന്ന് സണ്ണി ജോസഫ് 1000-1500 ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് കണക്ക്. കൊട്ടിയൂർ പഞ്ചായത്ത് 2400, കേളകം പഞ്ചായത്ത് 1200-1600, കണിച്ചാ‍ർ 2000, ആറളം 3200 എന്നിങ്ങനെയാണ് സണ്ണി ജോസഫിന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കണക്കാക്കുന്ന ലീഡ്. മുഴക്കുന്ന്, പായം, പേരാവൂ‍‍ർ പഞ്ചായത്തുകളിൽ എൽഡിഎഫിനാകും ലീഡ് എന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ.

പേരാവൂരിൽ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന് സിപിഐഎം മണ്ഡലം കമ്മിറ്റിയും നേരത്തെ വിലയിരുത്തിയിരുന്നു.കെ കെ ശൈലജ 3000 വോട്ടിന് വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. 5000 വോട്ടുകളെങ്കിലും വ്യക്തിപരമായി സമാഹരിക്കാൻ കഴിഞ്ഞാൽ കെ കെ ശൈലജയുടെ വിജയം സുനിശ്ചിതമാണെന്നും മണ്ഡലം കമ്മിറ്റി വിലയിരുത്തിയിരുന്നു. കെ കെ ശൈലജയുടെ ജനകീയതയും ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന വോട്ടുകളും നിർ‌ണ്ണായകമാണെന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ വിലയിരുത്തൽ. മത സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. ഉറച്ച പാർട്ടികൾ മാത്രം കണക്കുമ്പോൾ സണ്ണി ജോസഫ് 5000 വോട്ടിന് മുന്നിലാണെന്നും സിപിഐഎം മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് തന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സിറ്റിങ് സീറ്റിൽ കെ കെ ശൈലജയെ മത്സരത്തിന് ഇറക്കാനുള്ള സിപിഐഎം തീരുമാനത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കെ കെ ശൈലജയെ ഒതുക്കാനാണ് വിജയ പ്രതീക്ഷയില്ലാത്ത സീറ്റിൽ മത്സരിപ്പിക്കുന്നതെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. എന്നാൽ പേരാവൂർ പിടിച്ചെടുക്കുന്നതിനായാണ് കെ കെ ശൈലജയെ മത്സരത്തിന് നിയോഗിച്ചതെന്നായിരുന്നു സിപിഐഎം നേതൃത്വത്തിൻ്റെ നിലപാട്. 2006ലെ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് കെ കെ ശൈലജ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ മണ്ഡല പുനർനിർണ്ണയത്തോടെ രാഷ്ട്രീയ സ്വഭാവം മാറിയ പേരാവൂരിൽ 2011ൽ കെ കെ ശൈലജ പരാജയപ്പെട്ടിരുന്നു. 2011 മുതൽ സണ്ണി ജോസഫാണ് പയ്യന്നൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീക്കുന്നത്. 3172 വോട്ടിനായിരുന്നു 2021ൽ സണ്ണി ജോസഫ് ഇവിടെ നിന്നും വിജയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button