ഭീഷണി നേരിടുന്നതായി പരാതി; ഒടുവിൽ പരാതിക്കാരന്റെ ഫോണിൽ നിന്ന് കണ്ടെടുത്തത് 121 അശ്ലീല വീഡിയോ

തനിക്കെതിരെ ഭീഷണി നിലനിൽക്കുന്നതായി പരാതി നൽകി 63കാരൻ, ഒടുവിൽ പരാതിക്കാരൻ തന്നെ അറസ്റ്റിൽ. ഇയാളെ ലൈംഗികാതിക്രമക്കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമെന്ന് അവകാശപ്പെടുന്ന രവീന്ദ്ര ഗണപത് ഏരണ്ടെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 121 അശ്ലീല വീഡിയോകളാണ് കണ്ടെടുത്തത്. നാസിക്ക് സ്വദേശിയാണ് പരാതിക്കാരനും ഒടുവിൽ പ്രതിയുമായി മാറിയ രവീന്ദ്ര ഗണപത് ഏരണ്ടെ.
തന്റെ ഓഫീസിൽ നിന്ന് ടാബ്ലെറ്റ് മോഷ്ടിച്ച നാലംഗ സംഘം, അതിലെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ ആവശ്യപ്പെടുന്നു എന്ന് കാണിച്ച് രവീന്ദ്ര ഗണപത് ഏരണ്ടെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാല് പ്രതികളെ പോലീസ് പിടികൂടി.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത നാല് മൊബൈൽ ഫോണുകൾ, രണ്ട് പെൻഡ്രൈവുകൾ, മെമ്മറി കാർഡ് എന്നിവ പരിശോധിച്ചപ്പോഴാണ് പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇതിൽ സ്ത്രീകളുടെയും ഇയാളുടെ സുഹൃത്തുക്കളുടെയും ഉൾപ്പെടെ 121 അശ്ലീല വീഡിയോ ക്ലിപ്പുകൾ പോലീസ് കണ്ടെത്തി.
ചെറുകിട ബിസിനസുകൾ തുടങ്ങാൻ സഹായിക്കാമെന്നും മക്കൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തുമാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്. സഹായം വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, ഇവർ അറിയാതെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. ബ്ലാക്ക്മെയിലിംഗ് പരാതിയിൽ അന്വേഷണം നടത്തിയ പോലീസ്, ഒടുവിൽ പരാതിക്കാരൻ തന്നെ സ്ത്രീകളെ ക്രൂരമായി ചൂഷണം ചെയ്തിരുന്ന വ്യക്തിയാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.




