Uncategorized

പച്ചക്കറി കഴിച്ചുകൊണ്ട് വോട്ടഭ്യർഥന! വ്യത്യസ്തമായ പ്രചാരണവുമായി മൻസൂർ അലി ഖാൻ

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ സിനിമാ താരം മൻസൂർ അലി ഖാൻ തന്റെ പ്രചാരണം വേറിട്ടതാക്കാനുള്ള തിരക്കിലാണ്. ലാൽഗുഡി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നടൻ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിൽ ഇതിന് മുൻപും പയറ്റി ശീലമുള്ള മൻസൂർ ഇത്തവണ വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രചാരണത്തിന്റെ ഭാഗമായി കല്ലക്കുടി മാർക്കറ്റിലേക്ക് എത്തിയ മൻസൂർ അലി ഖാൻ വ്യാപാരികളോട് വോട്ട് അഭ്യർഥിച്ചു. ലഘുലേഖകൾ വിതരണം ചെയ്തു. അവിടെ തീർന്നില്ല. പച്ചക്കറികൾ കണ്ടപ്പോൾ ‘വായിൽ വെള്ളമൂറുന്നു’ എന്നായി നടൻ. പിന്നെ മടിച്ചു നിന്നില്ല. തട്ടിൽ നിന്ന് പച്ചക്കറികൾ എടുത്ത് കഴിച്ചു. ഇടയ്ക്ക് ‘ഇതിൽ കെമിക്കൽ ഒന്നും അടിച്ചിട്ടില്ലല്ലോ’ എന്ന് തിരക്കി. ‘ഇല്ല’ എന്ന് ഉറപ്പുകിട്ടിയതോടെ പച്ചക്കറികൾ ആസ്വദിച്ച് കഴിക്കുന്നത് തുടർന്നു. ഇതിനിടയിൽ തനിക്ക് വേണ്ടി വോട്ടും ചോദിച്ചു.നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ച് കിടന്ന് മൻസൂർ അലി ഖാൻ പ്രതിഷേധിച്ചിരുന്നു. കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയിൽവേ ട്രാക്കിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതിഷേധം. ഇതിൽ റെയിൽവേ പൊലീസ് നടനെതിരെ കേസെടുത്തിട്ടുണ്ട്.

1953ൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടിയിൽ നടത്തിയ പ്രശസ്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്കാരമാണിതെന്നായിരുന്നു നടന്റെ അവകാശവാദം. പാളത്തിൽ കിടന്ന മൻസൂർ അലിഖാനെ പൊലീസ് എത്തി നിർബന്ധപൂർവം നീക്കം ചെയ്യുകയായിരുന്നു.തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മൻസൂർ അലി ഖാൻ. ‘പട്ടാളി മക്കൾ കക്ഷി’യെ പിന്തുണച്ചു കൊണ്ടായിരുന്നു നടന്റെ രാഷ്ട്രീയ പ്രവേശനം. 1999ൽ തമിഴ്നാട്ടിലെ പെരിയകുളത്ത് നിന്ന് പുതിയ തമിഴകം പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദിണ്ഡിഗല്ലിലെ ‘നാം തമിഴർ കക്ഷി’ സ്താനാർഥിയായി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ തൊണ്ടമുത്തൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. എന്നാൽ, ഒരു തെരഞ്ഞെടുപ്പിലും വിജയം കൈവരിക്കാൻ നടന് സാധിച്ചില്ല. ‘ഇന്ത്യ ജനനായക പുലികൾ കക്ഷി’ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ മൻസൂർ അലിഖാൻ ജനവിധി തേടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button