Uncategorized

ഇടത് സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടു, കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും; നരേന്ദ്ര മോദി

തിരുവല്ല: കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് നരേന്ദ്ര മോദി. ഇടത് സർക്കാറിൻ്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരാൻ പോകുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. തിരുവല്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വികസനത്തിന് വൻ സാധ്യതയാണെന്നും എന്നാൽ വികസനത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാളും പിറകിലാണെന്നും മോദി ആരോപിച്ചു. ഗ്രാമീണ റോഡുകളും കോട്ടയം മെഡിക്കൽ കോളേജും എല്ലാം പരിതാപാവസ്ഥയിലാണെന്ന് മോദി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴുള്ളതിനേക്കാൾ അഞ്ച് മടങ്ങ് അധികം ബിജെപി സർക്കാർ കേരളത്തിന് നൽകിയെന്നും മോദി അവകാശപ്പെട്ടു. കേരളത്തിലെ കർഷകർക്ക് 13000 കോടി ബാങ്ക് അക്കൗണ്ടിലൂടെ നൽകിയെന്നും പ്രധാനമന്ത്രി ആവാസ് യോജന ഉപയോഗിച്ച് നിരവധിപേർക്ക് വീട് നൽകിയെന്നും ജൽജീവൻ പദ്ധതിയിലൂടെ നിരവധി സ്ഥലങ്ങളിൽ വെള്ളം എത്തിച്ചുവെന്നും മോദി പറഞ്ഞു.

കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ അന്ന് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മോദി പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്തുമതം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നൊഴികെ ബാക്കി എല്ലായിടവും ബിജെപി അധികാരത്തിൽ വന്നെന്നും അവിടെയെല്ലാം വലിയ വികസനം ഉണ്ടാക്കിയെന്നും മോദി അവകാശപ്പെട്ടു.
ശബരി റെയിൽപാത പുതിയ വികസനത്തിനും തൊഴിലവസരത്തിനും സാധ്യതകൾ തുറക്കുമെന്ന് മോദി വാഗ്ദാനം നൽകി. പാർലമെൻ്റിലും നിയമ സഭകളിലും സ്ത്രീകൾക്ക് സീറ്റ് കൂട്ടുന്നതിനുള്ള നിയമം ഏകകണ്ഠമായി പാസാക്കുമെന്നും മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button