എൽഡിഎഫ് സ്‌ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ച് നിഖില വിമൽ

കണ്ണൂരിൽ എൽഡിഎഫ് സ്‌ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ച് ചലച്ചിത്ര താരം നിഖില വിമൽ.
തളിപ്പറമ്പിലെ എൽഡിഎഫ് സ്‌ഥാനാർഥി പി.കെ.ശ്യാമളയ്ക്കും അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷിനുമാണ് നിഖില വോട്ടഭ്യർഥിച്ചെത്തിയത്.
നിഖിലയുമൊത്തുള്ള ചിത്രങ്ങൾ ഇരു സ്ഥാനാർഥികളും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
പി.കെ.ശ്യാമളയുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പാരമ്പര്യവും സ്നേഹവും കരുതലുമെല്ലാം അനുഭവിച്ചറിയാൻ ഭാഗ്യമുണ്ടായ ആളാണ് താനെന്നും ചെറുപ്പം മുതലേ പരിചയമുണ്ടെന്നും അതുകൊണ്ടാണ് പ്രചാരണത്തിനായി എത്തിയതെന്നും നിഖില പറയുന്നു. ‘ടീച്ചർ’ എന്ന് സ്നേഹത്തോടെ വിശേഷിപ്പിച്ചായിരുന്നു നിഖിലയുടെ പ്രസംഗം. വലിയ വികസനങ്ങളാണ് കഴിഞ്ഞ പത്ത് വർഷം നാട്ടിലുണ്ടായെന്നും വികസനങ്ങൾ തുടരാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യേണമെന്നും നിഖില പറഞ്ഞു. ടീച്ചർ വലിയ ഭൂരിപക്ഷത്തിൽ വിജയം ഉണ്ടാകട്ടെ എന്നും നിഖില ആശംസിച്ചു.
‘കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങൾ എല്ലാവരും കണ്ടതാണ്. കലാസാംസ്‌കാരിക രംഗത്ത്, തളിപ്പറമ്പിൽ തന്നെ ഒരുപാട് വികസനങ്ങൾ വന്നിട്ടുണ്ട്. ഉദാഹരണമാണ് ഹാപ്പിനസ് സ്ക്വയർ. ഇനി ധർമശാലയിൽ ഒരു തിയറ്റർ കോംപ്ലക്സ് വരാൻ പോകുന്നു. തളിപ്പറമ്പിൽ മാത്രം ഇത്രയധികം വികസനങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ തുടർച്ചയുണ്ടാകാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യുക’- നിഖില പറഞ്ഞു.
അതേസമയം, അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിനായും നിഖില വോട്ട് അഭ്യർഥിച്ചു. അഴീക്കോട് അഭിമാനം സാംസ്‌കാരിക സന്ധ്യയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു നിഖില. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുമേഷ് മൽസരിച്ചപ്പോളും താൻ വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.
“ഇത്തവണയും സുമേഷേട്ടൻ ജയിക്കണമെന്നാണ് എൻ്റെ പ്രാർഥന. കഴിഞ്ഞ പത്ത് വർഷത്തിൽ നാട്ടിൽ ഒരുപാട് വികസനങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ. നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നിൽ എന്ന് അറിയുന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു’-നിഖില പറഞ്ഞു. എഴുത്തുകാരി കെ.ആർ.മീരയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.




