ഫാത്തിമ തഹ്ലിയക്കെതിരെ എൽഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നു’; പരാതി നൽകി യുഡിഎഫ്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ജില്ലാ ചെയര്മാന് ബാലനാരായണന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്‍ഡിഎഫ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള അനൗണ്‍സ്മെൻ്റ് വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഫാത്തിമ തഹ്ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിന്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗൺസ്മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്മെന്റിൽ പറയുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ടിന്റെ തുടർച്ചയായാണ്
എൽഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം നേതൃത്വം ഇക്കാര്യമറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയിട്ടില്ലെന്നും എൽഡിഎഫും പ്രതികരിച്ചു.
മണ്ഡലം നിലനിർത്താനായി എൽഡിഎഫും പിടിച്ചെടുക്കാനായി യുഡിഎഫും കടുത്ത പോരാട്ടമാണ് പേരാമ്പ്രയിൽ നടത്തുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിൽ യുഡിഎഫിനായി മുസ്ലിം ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയയും എൽഡിഎഫിനായി സിറ്റിങ് എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്ണനുമാണ് മത്സരിക്കുന്നത്.




