വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; ദില്ലിയിൽ കൂട്ടിയത് 195.50 രൂപ

വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. രാജ്യതലസ്ഥാനമായ ദില്ലിയിൽ 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില 195.50 രൂപ വർധിച്ചു 2078.50 രൂപയായി. പുതുതായി പ്രബലയത്തിൽ വന്ന വിലനിലവാരം അനുസരിച്ച് കൊൽക്കത്തയിൽ സിലിണ്ടറിന്റെ വിലയിൽ 218 രൂപയുടെ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ മാസവും സമാനമായ വില വർദ്ധനവുണ്ടായത് ചെറുകിട കച്ചവടക്കാരെയും ഹോട്ടലുടമകളെയും സാരമായി ബാധിച്ചിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും രാജ്യത്തിൻറെ ഇന്ധന സുരക്ഷയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില കൂട്ടാനുള്ള സാധ്യത ഏറി.
ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഏതാനും ആഴ്ചകൾ കൂടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞത് മേഖലയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലക്കയറ്റം സാധാരണക്കാരെ അടക്കം ബുദ്ധിയമുട്ടിലാകുന്നുണ്ട്. യുദ്ധസാഹചര്യങ്ങൾ മുൻകൂട്ടി കണക്കിലെടുക്കാൻ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതും പാചക വാതകമടക്കമുള്ള ഉർജ്ജസ്രോതസ്സുകൾ വേണ്ടത്ര സംഭരിക്കാതെ വെച്ചതും ആണ് നിലവിൽ രാജ്യത്തെ പ്രതിസന്ധിക്കു കാരണമെന്നു വിമർശനം ഉയർന്നിരുന്നു.



