യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി, വിവിധ പദ്ധതികളിലായി UDF സർക്കാർ443000 വീടുകള്‍ നിർമ്മിച്ച് നൽകിയിട്ടുണ്ട്’

തിരുവനന്തപുരം: ഭവനപദ്ധതി വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 4,43000 വീടുകള്‍ കോൺഗ്രസ് നിർമ്മിച്ച് നൽകിയെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദം നുണയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിലാണ് പ്രതികരണം. ലൈഫ് പദ്ധതി വരുന്നതിന് മുൻപ് വിവിധ പദ്ധതികളിലായാണ് ഉമ്മൻ ചാണ്ടി സർക്കാർ ഭവനം നിർമ്മിച്ച് നൽകിയതെന്ന് വിഡി സതീശൻ പറഞ്ഞു. നിയമ സഭയില്‍ മന്ത്രിമാർ നല്‍കിയ മറുപടി ഇതിന് തെളിവാണെന്നും അദേഹം പറഞ്ഞു. വിവിധ ഭവന പദ്ധതികള്‍ ചേർത്താണ് 4,43000 വീടുകള്‍ നിർമ്മിച്ചതെന്നാണ് അദേഹം പറഞ്ഞത്.
നിയമസഭയിൽ എൽഡിഎഫ് സർക്കാരിൻ്റെ മന്ത്രിമാർ പറയുന്ന മറുപടികൾ തന്നെ 4,43000 വീടുകള്‍ നിർമ്മിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയിൽ എൽഡിഎഫ് പ്രതിനിധികൾ നൽകിയ രേഖകൾ വിശദീകരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നൽകിയത്. മുഖ്യമന്ത്രി നുണമാത്രം പറയുന്നുവെന്നും യമണ്ടൻ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെ കുറിച്ചും ആർഎസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിൽ പിന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നുണ മാത്രമാണ് പറയുന്നതെന്നാണ് വിഡി സതീശൻ്റെ പ്രതികരണം.




