Uncategorized

കൂടിന്റെ പൂട്ട് തകര്‍ത്ത നിലയിൽ; കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളര്‍ത്തിയ 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു

കണ്ണൂ‍ർ: കണ്ണൂരിൽ വീട്ടിൽ വളർത്തിയിരുന്ന പ്രാവുകളെ കൊന്ന നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്നിലാണ് സംഭവം. മീൻകുന്ന് സ്വദേശി സുനിലിൻ്റെ വീട്ടിൽ വളർത്തിയിരുന്ന 36ഓളം പ്രാവുകളെയാണ് കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം നടന്നത്. പൂട്ട് തകർത്ത നിലയിലായിരുന്നു.

സുനിലിന്റെ മകന്‍ സി അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വല്‍, അനുവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് പ്രാവുകളെ വളര്‍ത്തുന്നത്. ഫാന്‍സി പ്രാവുകള്‍, മത്സര പ്രാവുകള്‍ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതില്‍ 36 എണ്ണത്തെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലില്‍ വലിച്ചെറിയുകയായിരുന്നു. സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടെത്തിയത്. ഉടന്‍ മകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

എട്ട് വര്‍ഷം മുമ്പാണ് അനുരാഗും സുഹൃത്തുക്കളും പ്രാവുകളെ വളര്‍ത്താന്‍ തുടങ്ങിയത്. ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതിന് പുറമെ നാട്ടില്‍ പ്രാവുകളുടെ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്‍പ്പനയെ സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. അതിന്റെ തുടര്‍ച്ചയായാണ് പ്രാവുകളെ കൊന്നതെന്നാണ് നിലവിലെ സംശയം. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button