ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപകരണങ്ങൾ സ്ഥാപിക്കാൻ പോലും തടസം; പരിമിതികളിൽ വീർപ്പുമുട്ടി ഇടുക്കി മെഡിക്കൽ കോളേജ്

ഇടുക്കി: വലിയ പ്രതീക്ഷകളോടെ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജ് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടംതിരിയുന്നു. നിർമാണ ചുമതലയുള്ള കിറ്റ്കോയുടെ കെടുകാര്യസ്ഥത മൂലം പത്ത് വർഷമായിട്ടും കെട്ടിട നിർമാണം പൂർത്തിയായില്ല. നിർമാണത്തിലെ അപാകതകൾ ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് പോലും തടസ്സമാവുകയാണെന്ന് ജീവനക്കാർ പറയുന്നു.ഗുരുതര രോഗികളെ ഇപ്പോഴും കോട്ടയത്തേക്ക് അയക്കേണ്ട അവസ്ഥയാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നിലനിൽക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പലതവണ നേരിട്ടെത്തി ഉദ്ഘാടനങ്ങൾ നടത്തുകയും കാത്ത് ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇടുക്കിക്കാർ പരാതിപ്പെടുന്നു.
2015-ലാണ് പുതിയ കെട്ടിടത്തിൻ്റെ പണി ആരംഭിച്ചത്. എന്നാൽ കിറ്റ്കോയുടെ മെല്ലെപ്പോക്ക് കാരണം പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ആറ് ഓപ്പറേഷൻ തിയേറ്ററുകളുള്ള കോംപ്ലക്സിൻ്റെ അവസ്ഥയും ഇത് തന്നെയാണ്. നിലവിൽ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ ഒരു ഓപ്പറേഷൻ തിയേറ്ററിലാണ് എല്ലാ ശസ്ത്രക്രിയകളും നടത്തുന്നത്.




