Uncategorized

പരേഷ് റാവലിൽ നിന്ന് 25 കോടി ആവശ്യപ്പെട്ട് അക്ഷയ് കുമാർ; പിന്മാറ്റം തങ്ങളെ അറിയിക്കാതെയെന്ന് പ്രിയദർശൻ

റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തെ ആസ്പദമാക്കി പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ആരംഭിച്ച ഫ്രാഞ്ചൈസിയായ ഹേര ഫേരിയുടെ മൂന്നാം ഭാഗത്തില്‍ നിന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന പരേഷ് റാവല്‍ പിന്മാറിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. റാംജി റാവില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച മാന്നാര്‍ മത്തായിയുടെ മാതൃകയില്‍ പ്രിയദര്‍ശന്‍ സൃഷ്ടിച്ച ബാബുറാവു ഗണ്‍പത് റാവു ആപ്തെ എന്ന കഥാപാത്രത്തെയാണ് പരേഷ് റാവല്‍ ഈ ഫ്രാഞ്ചൈസിയില്‍ അവതരിപ്പിച്ചത്. 2000 ല്‍ പുറത്തെത്തിയ ഹേര ഫേരിയിലും 2006 ല്‍ പുറത്തെത്തിയ ഫിര്‍ ഹേര ഫേരിയിലും ഈ കഥാപാത്രത്തെ അവതരിപ്പിച്ച പരേഷ് റാവല്‍ പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അണിയറക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടന്‍റെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ അക്കാര്യം നിഷേധിച്ചുകൊണ്ട് പരേഷ് റാവല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരേഷ് റാവലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ അക്ഷയ് കുമാര്‍.

അതേസമയം പ്രിയദര്‍ശന്‍റെ ഈയിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലയില്‍ അക്ഷയ് കുമാറിനൊപ്പം പരേഷ് റാവലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വക്കീല്‍ നോട്ടീസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പരേഷ് റാവല്‍ പ്രതികരിച്ചത്. അതേസമയം അണിയറക്കാരുമായുള്ള സര്‍​ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് പരേഷ് റാവല്‍ നേരത്തെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചിരുന്നു- “സര്‍​ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നല്ല ഞാന്‍ ഹേര ഫേരി 3 ല്‍ നിന്ന് പിന്മാറിയതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. സംവിധായകനുമായി അത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എനിക്ക് ഏറെ സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള സംവിധായകനാണ് പ്രിയദര്‍ശന്‍”, പരേഷ് റാവല്‍ എക്സില്‍ കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button