മുംബൈ: ഡിജിറ്റൽ തട്ടിപ്പിലൂടെ നേടിയ പണം നിക്ഷേപിക്കാനായി ഒരേ ബാങ്കിൽ ബന്ധുക്കളുടെ പേരിൽ തുടങ്ങിയത് 35ഓളം അക്കൌണ്ടുകൾ. ബാങ്ക് മാനേജരുടെ സംശയത്തിൽ കള്ളക്കളി പൊളിഞ്ഞു. സൈബർ തട്ടിപ്പുകാരൻ അറസ്റ്റിലായി. മുംബൈയിലെ കുർളയിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സംഭവം. വ്യാഴാഴ്ചയാണ് കർജാത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരമായി പലർക്കൊപ്പം ബാങ്കിലെത്തിയിരുന്ന യുവാവിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയെ തുടർന്ന് വിവരങ്ങൾ ആരാഞ്ഞ ബാങ്ക് മാനേജർക്ക് തോന്നിയ സംശയങ്ങളാണ് കേസിൽ നിർണായകമായത്. യുവാവിനോട് വിവരം തിരക്കിയപ്പോൾ നിരവധി ബന്ധുക്കൾക്ക് ബാങ്കിൽ അക്കൌണ്ട് തുറക്കാൻ താൻ സഹായിക്കുന്നുവെന്നായിരുന്നു യുവാവ് വിശദമാക്കിയത്. ഇതോടെ യുവാവിന്റെ ബന്ധുക്കളുടെ അക്കൌണ്ട് നമ്പറുകൾ ബാങ്ക് മാനേജർ ശേഖരിച്ചു. കയറ്റുമതി ഇറക്കുമതി ബിസിനസ് രംഗത്താണ് പ്രവർത്തിക്കുന്നതെന്നായിരുന്നു യുവാവ് ബാങ്ക് മാനേജരോട് വിശദമാക്കിയത്. നികുതി തട്ടിപ്പ് നടക്കുന്നുവെന്ന സംശയത്തിൽ യുവാവിൽ നിന്നും ബന്ധുക്കളുടെ അക്കൌണ്ട് നമ്പർ ശേഖരിച്ച് മാനേജർ പരിശോധിച്ചു.
ഇതിൽ പല അക്കൌണ്ടിലും വലിയ രീതിയിൽ വിദേശത്ത് നിന്നുള്ള പണം വരുന്നതും പല അക്കൌണ്ടുകളിലും സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ലഭിച്ച അക്കൌണ്ടുകളാണെന്നും അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ബാങ്ക് മാനേജർ വിവരം പൊലീസിനെ അറിയിച്ചത്. അഞ്ചോളം അക്കൌണ്ടുകളിൽ സൈബർ തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ള അക്കൌണ്ടുകളായിരുന്നു. ഇതിന് പിന്നാലെ അമിർ ഫിറോസ് മണിയാർ എന്നയാളോട് ബാങ്കിലെത്താമോയെന്ന് മാനേജർ ആവശ്യപ്പെടുകയായിരുന്നു. അക്കൌണ്ടുകളിലെത്തുന്ന പണത്തേക്കുറിച്ചുള്ള വിവരം തിരക്കിയപ്പോൾ തൃപ്തികരമായ മറുപടി നൽകാനും യുവാവിന് സാധിച്ചില്ല. ഇതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടയിലാണ് യുവാവ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരേ ശാഖയിൽ പലരുടെ പേരുകളിൽ ആരംഭിച്ചത് 35 അക്കൌണ്ടാണെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.