തൃശൂര്‍: ഇൻഷുറൻസ് കമ്പനി കൊവിഡ് ചികിത്സയുടെ ക്ലെയിം അനുവദിക്കാതിരുന്നതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടില്‍ സൗമ്യ എ.കെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉപഭോക്തൃ കോടതിയുടെ വിധി. തൃശൂരിലെ ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ മാനേജര്‍ക്കെതിരെയായിരുന്നു പരാതി.
കൊറോണ രക്ഷക് എന്ന ഇൻഷുറൻസ് പോളിസിയാണ് പരാതിക്കാരിയായ സൗമ്യക്ക് ഉണ്ടായിരുന്നത്. പിന്നീട് സൗമ്യക്ക് കൊവിഡ് ബാധിക്കുകയും തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാൽ ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷ സമര്‍പ്പിച്ചപ്പോൾ കമ്പനി അത് നിഷേധിക്കുകയായിരുന്നു എന്നാണ് പരാതിയിൽ ആരോപിച്ചത്.
തുടര്‍ന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ ഫോറത്തിൽ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രവൃത്തി ഗുരുതരവീഴ്ചയെന്ന് വിലയിരുത്തിയ തൃശൂര്‍ ഉപഭോക്തൃ ഫോറം, ഹര്‍ജിക്കാരിക്ക് ക്ലെയിം ക്ലെയിം തുകയായി തുക 200000 രൂപയും അതിന്മേൽ 2021 മാര്‍ച്ച് 15 മുതലുള്ള 12 ശതമാനം പലിശയും നൽകാൻ വിധിച്ചു.
ഇതിന് പുറമെ നഷ്ടപരിഹാരമായി 25000 രൂപയും അതിന്മേൽ ഹര്‍ജി തിയ്യതി മുതല്‍ 6 ശതമാനം പലിശയും കോടതി ചിലവിലേക്ക് 10000 രൂപയും നല്‍കണമെന്നും പ്രസിഡന്റ് സി.ടി. സാബു, മെമ്പര്‍മാരായ ശ്രീജ എസ്, ആര്‍. റാം മോഹന്‍ എന്നിവരടങ്ങിയ ഫോറം പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി ബെന്നിയാണ് ഹാജരായത്.