കോളയാട്: പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗണാവാൻ കോളയാട് ഒരുങ്ങി. ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിൻ്റെ അനുമതി കൂടി ലഭിച്ചതോടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. തലശേരി-ബാവലി അന്തസംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നാണ് കോളയാട്. എന്നാൽ, വീതി കുറഞ്ഞ റോഡായതിനാൽ ടൗണിൽ വാഹനപാർക്കിങ്ങിനും കാൽനടയാത്രക്കും ഏറെ ബുദ്ധിമുട്ടാണ്. ഒരു വശത്ത് ഓട്ടോ പാർക്കിങ്ങും മറുവശത്ത് ഗുഡ്സ് പാർക്കിങ്ങുമുണ്ട്. ടൗണിന്റെ മധ്യഭാഗത്താണ് വായന്നൂർ, ആലച്ചേരി ഭാഗത്തേക്കുള്ള റോഡാരംഭിക്കുന്നതും. ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യങ്ങളില്ല.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി സ്ഥലം എം.എൽ.എ കെ.കെ.ശൈലജ മുഖാന്തിരം നവകേരള സദസിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്കിയത്. ടൗണിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട മന്ത്രി ബജറ്റിൽ ടൗൺ സൗന്ദര്യവത്കരണത്തിന് രണ്ട് കോടി നീക്കി വെക്കുകയായിരുന്നു. മന്ത്രി തന്നെ ഇടപെട്ട പൊതുമരാമത്ത് വകുപ്പിന്റെ അനുബന്ധ നടപടികൾ വേഗത്തിലാക്കിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്.
സൗന്ദര്യവത്കരണം ഇങ്ങിനെ
* താഴെ കോളയാട് കള്ള് ഷാപ്പ് മുതൽ മേലെ കോളയാട് കെ.എസ്.ഇ.ബി ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരം വീതി കൂട്ടി മെക്കാഡം ടാറിങ്ങ്
* റോഡിനിരുവശത്തും ഡ്രെയിനേജുകൾ സ്ഥാപിച്ച് കാൽനടയാത്രക്കാർക്ക് സുഗമമായി നടക്കാൻ നടപ്പാതകൾ
* നടപ്പാതകളുടെ ഒരു വശം കൈവരികളും ഇവയിൽ പൂച്ചട്ടികളും
* ടൗണിലെ പ്രധാന കവലയിൽ സിഗ്നൽ സംവിധാനം
* ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം
* ടൗൺ സ്ഥിതി ചെയുന്ന ഒരു കിലോമീറ്റർ ദൂരം റോഡിൽ ഇരുവശവും തെരുവു വിളക്കുകൾ
* വാഹന പാർക്കിങ്ങിന് പ്രത്യേകം സ്ഥലസൗകര്യം
ടൗൺ സൗന്ദര്യവത്കരണത്തിന് ഏറ്റവുമധികം പിന്തുണ നൽകുന്നത് വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും ചുമട്ടു തൊഴിലാളികളുമാണ്. ടൗണിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളുടെ അധികൃതരും സൗന്ദര്യവ്തകരണത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്. പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി നിരവധി ടൗണുകൾ ഉണ്ടെങ്കിലും കോളയാട് ഒഴികെ മറ്റൊരിടത്തും സമ്പൂർണ സൗന്ദര്യവത്കരണത്തിന് പദ്ധതികളില്ല. 2025 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയെന്ന് വൈസ്. പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ പറഞ്ഞു. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളൂം സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് നേതൃത്വം നല്കുന്നുണ്ട്.
പഞ്ചായത്തിലെ മുഴുവനാളുകളുടെയും സ്വപ്നമാണ് യാഥാർത്യമാവുന്നത്. വൃത്തിയും ഭംഗിയുമുള്ള കോളയാട് ടൗണെന്ന പഞ്ചായത്തിൻ്റെ ആവശ്യം അംഗീകരിച്ച് ആവശ്യമായ ഫണ്ടനുവദിച്ച സംസ്ഥാന സർക്കാരിനും കെ.കെ.ശൈലജ എം.എൽ.എക്കും പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി പറഞ്ഞു.