കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റര്‍ കൊച്ചിയിൽ. അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ നാഷണൽ ഓയിൽ വെൽ കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ കേരളത്തിൽ ആരംഭിച്ചതായി മന്ത്രി പി രാജീവാണ് അറിയിച്ചത്.
52 രാജ്യങ്ങളിലായി 32000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങൾ പ്രഥമഘട്ടത്തിൽ പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ് സെൻ്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവീസ്, കസ്റ്റമർ സപ്പോർട്ട് സെൻ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാകും.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് കടന്നുവരുന്ന നാലാമത്തെ ആഗോള കമ്പനിയാണ് നാഷണൽ ഓയിൽ വെൽ എന്ന് മന്ത്രി പറഞ്ഞു. ലോകത്തിൻ്റെ എല്ലാ കോണുകളിലും നാളെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നതാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കമ്പനി അധികൃതർ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചത്.
അവരെല്ലാവരും തന്നെ കേരളത്തിൻ്റെ മികച്ച ടാലൻ്റ് പൂളിനെ പ്രശംസിക്കുകയും ചെയ്തത് എന്തുകൊണ്ട് കേരളം നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു എന്നതിനുള്ള ഏറ്റവും അനുയോജ്യമായ തെളിവാണ്. ഒപ്പം മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ലഭ്യമായിട്ടുള്ള ശുദ്ധവായുവും ജലലഭ്യതയും വൈജ്ഞാനിക സമ്പദ്ഘടനാ വികസനവുമെല്ലാം കേരളത്തെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റുകയാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.