ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും മോഷണം. പുന്നപ്ര തൂക്കുകുളം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും മാല പൊട്ടിച്ചു. അമ്മയുടെ ഒന്നരപ്പൻ മാലയും കുഞ്ഞിട്ടെ അരപ്പവൻ വരുന്ന മാലയുമാണ് മോഷ്ടിച്ചത്. മുഖം മറച്ച് എത്തിയ ആളെ കണ്ടുവെന്ന് യുവതി പൊലീസിൽ മൊഴി നൽകി. ഉൾപ്രദേശം ആയതിനാൽ സിസിടിവി ദൃശ്യങ്ങളോ മറ്റും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
നാട്ടിൽ വിലസുന്ന കുറുവ സംഘത്തിന്‍റെ ഭീതിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ നാട്ടുകാർ. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാരകായുധങ്ങളുമായെത്തി അടുക്കള വാതിൽ പൊളിച്ച് മോഷണം നടത്തുന്ന കുറുവാ സംഘം ചൊവ്വാഴ്ച മാത്രം മൂന്ന് വീടുകളിലാണ് കയറിയത്.
ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെസിഡൻഷ്യൽ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും നിർദേശം നൽകി. ആക്രമിക്കാൻ പോലും മടിയില്ലാത്ത കുറുവാ സംഘത്തെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.