തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു.
അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കിയ സ്പ്രിംഗ്‌ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധു നിയമനം വരെയുള്ള അഴിമതികള്‍ ചികഞ്ഞ് കണ്ടു പിടിച്ചതെങ്ങനെയെന്നും അവ ഓരോന്നും പുറത്തു കൊണ്ടു വന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്ന പുസ്തകം തയ്യാറാക്കിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ബി.വി.പവനനാണ്.
പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയുടെ ഖ്യാതി ഏറെ വര്‍ദ്ധിപ്പിച്ചതാണ് അഴിമതികള്‍ ഒന്നൊന്നായി കണ്ടെത്തി അവയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം.ഒന്നൊഴിയാതെ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു എന്നതായിരുന്നു പ്രത്യേകത.
അഴിമതിയുടെ കുറച്ചു ഭാഗം മാത്രം ആദ്യം വെളിപ്പെടുത്തുകയും സര്‍ക്കാര്‍ നിഷേധിക്കുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സര്‍ക്കാരിനെ കുരുക്കിലാക്കുകയും ചെയ്യുന്ന ഉദ്വേഗഭരിതമായ ശൈലിയിലായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ ആക്രമണം. ഇത് കാരണം സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവാതെ അടിയറവ് പറയുകയോ പദ്ധതികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വരികയോ ചെയ്തിട്ടുണ്ട്.