സ്ത്രീയെന്ന പരിഗണന നൽകിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചതെന്ന് 33 പേജുള്ള വിധിപ്പകർപ്പിൽ കോടതി പരാമർശിക്കുന്നു. ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിയിൽ പറയുന്നുണ്ട്. പി.പി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണെന്നതും കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിന് പ്രയാസം സൃഷ്ടിക്കുമെന്നും കോടതി പരിഗണിച്ചു.
എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്നും ജില്ല വിടാൻ പാടില്ലെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. റിമാൻഡിലായി 11-ാം ദിവസമാണ് സിപിഎം നേതാവ് ദിവ്യക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലാകുന്നതിന് മുൻപ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിനെ തുടർന്നായിരുന്നു ദിവ്യ പൊലീസിൽ കീഴടങ്ങിയത്. കേരളാ പൊലീസിന്റെ മൂക്കിൻതുമ്പത്ത് ദിവ്യ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാതിരുന്നതിൽ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു.
നിലവിൽ ദിവ്യക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ മഹിളാ അസോസിയേഷൻ നേതാക്കൾ ജയിലിലെത്തി പി.പി ദിവ്യയെ കണ്ടുമടങ്ങി. പി.കെ ശ്യാമള, എൻ. സുകന്യ, എം.വി സരള എന്നിവരാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തി ദിവ്യയെ നേരിൽക്കണ്ട് മടങ്ങിയത്.