മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷത്തോടെ നവംബർ 14 ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സഭകൾ സംഘടിപ്പിക്കുന്നത്. കുട്ടികൾ ഉന്നയിച്ച നൂതന ആശയങ്ങൾ മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന് പ്രയോജനകരമായി മാറി എന്ന കണ്ടത്തലിന്റെ ഭാഗമായാണ് ഈ വർഷവും ഹരിത സഭ സംഘടിപ്പിക്കുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം ഒരു ഹരിത സഭയിൽ 150 മുതൽ 200 കുട്ടികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകളിൽ നിന്നുമായി പങ്കെടുക്കേണ്ടത്.
ഹരിത സഭയ്ക്ക് നേതൃത്വം നല്കാൻ സ്കൂളുകളിലെ ശുചിത്വ- മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അധ്യാപകരെയും പങ്കെടുപ്പിക്കണം. വിദ്യാലയങ്ങളിൽ നിന്നും ഹരിത സഭയിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾ തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി സഭയിൽ അവതരിപ്പിക്കണം. സ്കൂളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലെ വീഴ്‌ചകൾ, മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികൾ, ദ്രവ മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവ ഹരിത സഭയിൽ ചർച ചെയ്യും.
കുട്ടികൾ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദ്ദേശങ്ങൾ ഹരിതസഭയിൽ രേഖപ്പെടുത്തും. ഇവ പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കണം. വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാലിന്യ സംസ്കരണത്തിലെ വിടവ് കണ്ടെത്തി അക്കാര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിത സഭയെ ഉപയോഗിക്കാം. കണ്ണൂർ ജില്ലയിൽ 82 ഹരിത സഭകൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹരിത കേരളം. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.